
ന്യൂഡൽഹി: ടാറ്റാ സൺസ് തർക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി രാഹുൽ ഗാന്ധി. തനിക്കെതിരേ വിമർശനമുന്നയിച്ച കേന്ദ്ര ധനമന്ത്രിയോട് വിവിധ ചോദ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് എക്സിൽ മറുപടി പോസ്റ്റ് ചെയ്തത്. ടാറ്റാ ട്രസ്റ്റ്സിനെയും ടാറ്റാ സൺസിനെയും അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്തിയത് എന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇവരെ അമിത് ഷായുടെ വസതിൽ സ്വീകരിക്കേണ്ടിയിരുന്ന നിയമപരവും വാണിജ്യപരവുമായ എന്തുകാര്യമാണ് ഉണ്ടായിരുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
അദാനിയെ പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റൊരു ചോദ്യവും രാഹുൽ ഗാന്ധിയുടെ പോസ്റ്റിലുണ്ട്. നിങ്ങളുടെ അടുത്ത 'ചങ്ങാതി' എന്നാണ് അദാനിയെ പേരെടുത്ത് പറയാതെ വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ അടുത്ത ചങ്ങാതി എപ്പോഴാണ് ഈ കളിയിലേക്ക് പ്രവേശിക്കുന്നതെന്നും ടാറ്റയുടെ ഏതെല്ലാം ഭാഗങ്ങളാണ് ചങ്ങാതിക്ക് ലഭിക്കാൻ പോകുന്നതെന്നും രാഹുൽ ചോദിച്ചു. നിങ്ങളുടെ മൂന്നോ നാലോ ചങ്ങാതിമാർ ഒഴികെ ഇന്ത്യയിലെ മറ്റുവ്യവസായികൾക്കെല്ലാം നിങ്ങളെയെല്ലാം ഇതിനകം തന്നെ വെറുപ്പാണെന്നും അവരെ പ്രകോപിപ്പിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നേരത്തേ ടാറ്റാ ഗ്രൂപ്പിനെ ക്രിമിനൽ ബുദ്ധിയോടെ തകർക്കുകയാണെന്നും ഇതിനുപിന്നിൽ കേന്ദ്രസർക്കാരാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മോദിയും അമിത് ഷായും ഇന്ത്യയിലെ വ്യവസായരംഗത്തെ കളിപ്പാവകളാക്കി മാറ്റുകയാണ്. ഇന്ത്യയിലെ വ്യവസായപ്രമുഖരിൽ ഒരാൾപോലും ഇതിനെതിരേ ഒരക്ഷരം മിണ്ടുന്നില്ലെന്നും എല്ലാവരും നിശബ്ദരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ, ഇതിനുപിന്നാലെ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. എല്ലാവിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്നത് രാഹുൽ അവസാനിപ്പിക്കണമെന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി. വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ടാറ്റാ സൺസ് ബോർഡിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റാ ചന്ദ്രശേഖരന്റെ പുനർനിയമനത്തെ ചോദ്യംചെയ്തു. ചന്ദ്രശേഖരനെ വീണ്ടും നിയമിക്കാനുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും നോയൽ ടാറ്റാ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നോയൽ ടാറ്റ ടാറ്റാ സൺസ് കമ്പനി സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു.
Dear Mrs. Sitarama,
1.Which "legal and commercial matter" required Tata Trusts and Tata Sons to be hosted at Amit Shah's residence?
2.When is crony number 1 going to appear in the game and which pieces of Tata is he going to get?
Finally, all India's businesses except 3-4 of your cronies, already hate all of you and don't need any incitement.
— Rahul Gandhi (@RahulGandhi) October 28, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam