
ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് കരയോട് അടുക്കുകയാണ്. നിലവിൽ ആന്ധ്രയിലെ നെല്ലൂരിന് 100 കി.മീ അകലെയാണ് മിഗ്ജാമ് ചുഴലിക്കാറ്റ് നിലനില്‍ക്കുന്നത്. ചെന്നൈയിൽ നിന്ന് 100 കി. മീറ്ററും പുതുച്ചേരിക്ക് 220 കി. മീറ്ററും അകലെയായിട്ടാണ് നിലവില്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകള്‍ക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിൽ ചെന്നൈ നഗരം മുങ്ങി. ജനജീവിതം നിശ്ചലമായി. നാല് പേർ മരിച്ചു. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചു പോയി. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം രാത്രി 11 മണി വരെ അടച്ചു. 33 വിമാനങ്ങള്‍ ബംഗ്ലൂരുവിലേയ്ക്ക് വഴി തിരിച്ചുവിട്ടു. കേരളത്തിൽ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കര തൊടുന്നത്. ആന്ധ്രയിൽ എട്ട് ജില്ലകളിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരം തീവ്രതയിലുള്ളതോ ആയ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam