
ബെംഗളൂരു: ബെംഗളൂരുവിലെ ട്രാഫിക് പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാൻ ദൈവത്തിന് പോലും കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. റോഡ് നിർമാണത്തെക്കുറിച്ചുള്ള ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ സർക്കാർ വൈകിപ്പിക്കുകയാണെന്ന് വിമർശനം ഉയർന്നു.
രണ്ടോ മൂന്നോ വർഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാൻ കഴിയില്ല എന്നാണ് ഡി കെ ശിവകുമാർ പറഞ്ഞത്. ദൈവത്തിന് പോലും അത് ചെയ്യാൻ കഴിയില്ല. കൃത്യമായ ആസൂത്രണം നടത്തിയാൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂവെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.
മെട്രോ വിപുലീകരണം വൈകുന്നതും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് വിമർശനം ഉയരുന്നതിനിടെയാണ് ഡി കെ ശിവകുമാറിന്‍റെ പരാമർശം. പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കുന്നതിലെ മെല്ലെപ്പോക്ക് സംബന്ധിച്ച് പരാതി ഉയരുന്നു.
എക്കണോമിസ്റ്റും ആറിൻ ക്യാപിറ്റൽ ചെയർമാനുമായ മോഹൻദാസ് പൈ, ബെംഗളൂരുവിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലെ സർക്കാരിന്‍റെ അലംഭാവത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു- "മന്ത്രി ഡി കെ ശിവകുമാർ, നിങ്ങൾ ഞങ്ങളുടെ മന്ത്രിയായിട്ട് രണ്ട് വർഷമായി! ശക്തനായ മന്ത്രിയെന്ന നിലയിൽ ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. പക്ഷേ ഞങ്ങളുടെ ജീവിതം കൂടുതൽ മോശമായി!" നടപ്പാതകൾ മോശമായ അവസ്ഥയിലാണെന്നും പൊതുഗതാഗതം അപര്യാപ്തമാണെന്നും പൈ വിമർശിച്ചു. 5000 പുതിയ ഇലക്ട്രിക് ബസുകൾ ഉടൻ വാങ്ങണം, നഗരം കൂടുതൽ വൃത്തിയുള്ളതാകണം, മെട്രോ വിപുലീകരണം അടിയന്തരമായി നടപ്പിലാക്കണം തുടങ്ങിയ നടപടികൾ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷമായ ബിജെപി ശിവകുമാറിന്‍റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ കഴിവുകേടാണ് വ്യക്തമായതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ പറഞ്ഞു. 'ബ്രാൻഡ് ബെംഗളൂരു' ആക്കുമെന്ന് പറഞ്ഞയാൾ ദൈവത്തിന് പോലും ശരിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞത് വളരെ ദൗർഭാഗ്യകരമാണ്, പിന്നെ ആർക്ക് കഴിയും എന്നാണ് ബിജെപിയുടെ ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam