പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം, ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്

Published : Sep 25, 2025, 06:10 AM IST
D Raja

Synopsis

ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്. പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം വാദിച്ചു എന്നാണ് വിവരം.

ദില്ലി: ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്. പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം വാദിച്ചു എന്നാണ് വിവരം. എന്നാല്‍ രാജയ്ക്ക് പകരം വച്ച അമർജിത് കൗറിന്‍റെ പേര് കൂടുതൽ ഘടകങ്ങളും തള്ളുകയായിരുന്നു. ബിനോയ് വിശ്വം തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞതും രാജ തുടരാനിടയാക്കുകയായിരുന്നു. തെലങ്കാന, ആന്ധ്ര, തമിഴ്നാട് ഘടങ്ങൾ പ്രായപരിധിയോട് യോജിച്ചു. എന്നാൽ അമർജിത് കൗറിനെ എതിർത്തു. യുപി, ബീഹാർ ഘടകങ്ങൾ രാജയ്ക്കായി വാദിച്ചു. യോഗത്തിൽ വികാരഭരിതനായി രാജ തന്‍റെ രാഷ്ട്രീയ ബന്ധങ്ങൾ എന്തുകൊണ്ട് പാർട്ടി കാണുന്നില്ലെന്ന് ചോദിച്ചു. തന്നെ മാറ്റുന്നത് തെറ്റായ സന്ദേശം നല്കുമെന്നും രാജ പ്രതികരിച്ചു.

രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവിന് ധാരണയാവുകയായിരുന്നു. പ്രായപരിധി പിന്നിട്ട ബാക്കി എല്ലാവരെയും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. സെക്രട്ടേറിയറ്റ് അം​ഗം കെ നാരായണ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. പുതിയ സെക്രട്ടേറിയറ്റ് അം​ഗങ്ങളെ ഇന്ന് തീരുമാനിക്കും. നിർവാഹ സമിതിയിൽ രൂക്ഷമായ തർക്കം നടന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ.

പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺ‌​ഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.

ഇതിനിടെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാലാകാലം നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നു. എപ്പോഴും വലിയ പാർട്ടികളെ ആശ്രയിച്ച് നിൽക്കാതെ ഒറ്റയ്ക്ക് വളരണം എന്നും ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു. ഡി രാജക്ക് പ്രയപരിധിയിൽ ഇളവ് നൽകാൻ ആകില്ലെന്ന് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കുകയും ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'