Asianet News MalayalamAsianet News Malayalam

ദളിത് പെൺകുട്ടികളുടെ കൊലപാതകം: വീണ്ടും ശ്രദ്ധാകേന്ദ്രമായി ലഖിംപൂർ ഖേരി, സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സ്വീകരണം നൽകുന്നവരിൽ നിന്ന് സ്ത്രീകളുടെ സുരക്ഷ പ്രതീക്ഷിക്കേണ്ടത് രാഹുൽ ഗാന്ധി. രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി

Lakhimpur Kheri again in limelight, Opposition attacks UP Government
Author
First Published Sep 15, 2022, 1:16 PM IST

ദില്ലി: ലഖിംപൂർ ഖേരിയിൽ സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുപി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സ്വീകരണം നൽകുന്നവരിൽ നിന്ന് സ്ത്രീകളുടെ സുരക്ഷ പ്രതീക്ഷിക്കേണ്ടത് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷം അനാവശ്യമായി സംഭവം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി.

കർഷക സമരത്തിനിടെ കേന്ദ്രമന്ത്രിയുടെ മകനോടിച്ച വാഹനമിടിച്ച് കർഷകർ മരിച്ച ലഖിംപൂർ ഖേരിയിലേക്ക് ഒരിക്കൽ കൂടി രാജ്യ ശ്രദ്ധ തിരിയുകയാണ്. രണ്ട് സഹോദരിമാരുടെ മരണത്തിൽ പൊലീസ് ശക്തമായ നടപടിയെടുക്കുന്നില്ല എന്ന് ആരോപിച്ച് ഇന്നലെ നാട്ടുകാർ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.തുടർന്ന് രാത്രിയോടെ പ്രതികളെ പൊലീസ് കസ്റ്റഡിയലെടുക്കുകയായിരുന്നു. ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ വർഷവും സമാന സംഭവം നടന്നിരുന്നു. മൂന്ന് പെൺകുട്ടികളെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പും പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഏറെ ദുഖഃകരമായ സംഭവമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ബലാത്സംഗം ചെയ്യുന്നവരെ വിട്ടയയ്ക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്നവരിൽ നിന്ന് സ്ത്രീ സുരക്ഷ പ്രതീക്ഷിക്കേണ്ടെന്ന്, ബിൽക്കിസ് ബാനു കേസ് പരോക്ഷമായി പരാമർശിച്ച് രാഹുൽ ഗാന്ധി വിമർശിച്ചു. നീതി ഉറപ്പാക്കാനുള്ള നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു.

അതേസമയം കോൺഗ്രസും , സമാജ്‍വാദി പാർട്ടിയും വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പതകും, കേശവ് പ്രസാദ് മൌര്യയും വിശദീകരിച്ചു. ഐജി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് തുടരുകയാണ്. 

യുപിയിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; 6 പേർ അറസ്റ്റിൽ

ഇന്നലെ രാത്രിയിലാണ് ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരുടെ മൃതദേഹം മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകാനെത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞതോടെയാണ് വാർത്ത പുറത്തു വന്നത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios