ദളിതർ മുടിവെട്ടാനെത്തി, ബാർബർ ഷോപ്പുകൾ അടച്ചിട്ട് ഉടമകൾ; കൊപ്പാളിൽ ദളിതരോട് അയിത്തം

Published : May 08, 2025, 08:04 AM IST
ദളിതർ മുടിവെട്ടാനെത്തി, ബാർബർ ഷോപ്പുകൾ അടച്ചിട്ട് ഉടമകൾ; കൊപ്പാളിൽ ദളിതരോട് അയിത്തം

Synopsis

നേരത്തെയും പൊലീസ് ബോധവത്കരണം നടത്തിയിരുന്നു. ദളിതരുടെ മുടിമുറിക്കുമെന്ന് അന്ന് ഇവർ പൊലീസിനോട് സമ്മതിച്ചെങ്കിലും പിന്നീട് മുടിവെട്ടാനായി ദളിതർ എത്തിയതോടെ ഷോപ്പുകൾ അടച്ചിടുകയായിരുന്നു.

ബെംഗളൂരു: കർണാടകയിൽ കൊപ്പാളിലെ ഗ്രാമത്തിൽ ദളിതരോട് വീണ്ടും വിവേചനം. ദളിതർ മുടിവെട്ടിക്കാനെത്തിയതോടെ കൊപ്പാളിലെ ഗ്രാമത്തിലെ ബാർബർ ഷോപ്പുകൾ അടച്ചിട്ട് ഉടമകൾ പുറത്ത് പോയി. ദളിതർക്ക് അയിത്തം കൽപ്പിച്ചാണ് മുടിമുറിച്ച് നൽകാൻ ബാർബർ ഷോപ്പുകൾ തയ്യാറാവാതിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊപ്പാളിയിലെ മുദ്ദബള്ളി ഗ്രാമത്തിലാണ് രാജ്യത്തിന് തന്നെ നാണക്കേടായ സംഭവം നടന്നത്.

കൊപ്പാളി ഗ്രാമത്തിലെ ബാർബർ  ഷോപ്പിൽ ദളിതരുടെ മുടിമുറിച്ചുനൽകാതെ വിവേചനം കാണിക്കുന്നെന്ന് നേരത്തെയും വാർത്തകളുണ്ടായിരുന്നു. വീണ്ടും ദളിതരോട് വിവേചനം കാട്ടിയെന്ന വിവരം പുറത്ത് വന്നതോടെ പൊലീസ് സ്ഥലത്തെത്തി ബാർബർ ഷോപ്പുകൾക്ക് മുന്നറിയിപ്പ് നൽകി. അയിത്തം ആചരിച്ചാൽ പൊലീസ് കേസെടുക്കുമെന്നും ശിക്ഷ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ ബാർബർ ഷോപ്പ് ഉടമകളെ ബോധവത്കരിച്ചു. 

നേരത്തെയും പൊലീസ് ബോധവത്കരണം നടത്തിയിരുന്നു. ദളിതരുടെ മുടിമുറിക്കുമെന്ന് അന്ന് ഇവർ പൊലീസിനോട് സമ്മതിച്ചെങ്കിലും പിന്നീട് മുടിവെട്ടാനായി ദളിതർ എത്തിയതോടെ ഷോപ്പുകൾ അടച്ചിടുകയായിരുന്നു. കടകളിലെത്തിയിരുന്ന മറ്റ് വിഭാഗത്തിൽപ്പെട്ടവരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ചുനൽകാനും തുടങ്ങി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

മുദ്ദബള്ളി ഗ്രാമത്തിൽ ബാർബർ ഷോപ്പുകൾ അടച്ചിട്ടതോടെ  ദളിതർക്ക് മുടിമുറിക്കാനും താടിവടിക്കാനുമൊക്കെ കിലോമീറ്ററുകൾ സഞ്ചരിച്ച് കൊപ്പാൾ ടൗണിലെത്തണം. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നും ദളിതരോട് വിവേചനം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബിജെപിയുടെ കൊപ്പൽ ജില്ലാ യൂണിറ്റ് പ്രസിഡന്റ് ബസവരാജ് ദാദേശഗുരു  ആവശ്യപ്പെട്ടു. കർണാടകത്തിലെ ഒട്ടേറെ ഗ്രാമങ്ങളിൽ ദളിതരോട് വിവേചനം കാട്ടുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിലും,  ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും വിലക്കിയ വാർത്തകളും സമീപകാലത്ത് കർണാടകയിൽ നിന്നും പുറത്ത് വന്നിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്