
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ നർത്തകിയും അഭിനേത്രിയുമായ രുക്മിണി വിജയ്കുമാറിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിൽ ടാക്സി ഡ്രൈവര്‍ അറസ്റ്റിൽ. മോഷണം പോയ വസ്തുക്കളിൽ ഒരു റോളെക്സ് വാച്ച്, ബോട്ടെഗ വാലറ്റ്, ഡയമണ്ട് മോതിരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
സംഭവത്തിൽ മഹാലക്ഷ്മി ലേഔട്ട് സ്വദേശി മുഹമ്മദ് മസ്താൻ(46) ആണ് അറസ്റ്റിലായത്. മോഷണം പോയ എല്ലാ വസ്തുക്കളും കണ്ടെടുത്തു, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സെൻട്രൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശേഖർ എച്ച് തെക്കന്നവർ അറിയിച്ചു. രുക്മിണി വിജയ്കുമാറിന്റെ കാർ പാർക്ക് ചെയ്തിരുന്ന റോഡിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. തുടര്‍ന്ന് ഒരു ടാക്സി ഡ്രൈവറാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും ഉടൻ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ഇന്ത്യൻ നീതിന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 303 (2) പ്രകാരം മോഷണക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോറമംഗല സ്വദേശിയായ രുക്മിണി മെയ് 11 ന് രാവിലെ 8 മണിയോടെ ക്വീൻസ് റോഡിൽ കാർ പാർക്ക് ചെയ്ത ശേഷം കുബ്ബൺ പാർക്കിൽ നടക്കാൻ പോയതായിരുന്നു. ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തി ഡിക്കി പരിശോധിച്ചപ്പോൾ വിലപിടിപ്പുള്ള വസ്തുക്കളും എയർപോഡ്‌സും അടക്കം മോഷണം പോയതായി മനസിലായി. രാവിലെ 9.15 നും 9.45 നും ഇടയിൽ മൊബൈൽ ഫോണിൽ എയർപോഡ് ലൊക്കേഷൻ പരിശോധിച്ചപ്പോൾ സെന്റ് മാർക്ക്സ് റോഡിൽ കാണിച്ചു. എന്നാൽ അവിടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രുക്മിണി കുബ്ബൺ പാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിലപിടിപ്പുള്ള സാധനങ്ങൾ വച്ച് ശരിയായി ഡിക്കി ശരിയായി അടയ്ക്കാതെ പോകുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പണത്തിനായി സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. ക്വീൻസ് റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് താൻ കാർ പാർക്ക് ചെയ്തിരുന്നത്. രുക്മിണി തന്റെ വണ്ടിയുടെ തൊട്ടുമുന്നിലായി കാർ പാർക്ക് ചെയ്യുന്നത് കണ്ടു. അവർ ചില സാധനങ്ങൾ ഡിക്കിയിൽ വെക്കുന്നതും കണ്ടു.
തിരക്കിനിടയിൽ ഡിക്കി ശരിയായി അടച്ചില്ല. രുക്മിണി പോയ ഉടൻ തന്നെ താൻ ഡിക്കി തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. വാച്ചിന് മാത്രം 9 ലക്ഷം രൂപ വിലയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഡയമണ്ട് മോതിരങ്ങൾ വിറ്റ് പണമാക്കാനായിരുന്നു ലക്ഷ്യമെന്നും പ്രതി പോലീസിനോട് പറഞ്ഞു. വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വച്ച് പോകുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് വെസ്റ്റ് അഡീഷണൽ കമ്മീഷണർ വികാസ് കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam