ദില്ലി: ഭീകരർക്കൊപ്പം കാറിൽ യാത്ര ചെയ്ത ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദർ സിംഗിനെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ ഇ തോയ്ബ ഭീകരർക്കൊപ്പമാണ് ഇദ്ദേഹം കാറിൽ യാത്ര ചെയ്തത്. 

ദില്ലിയിലേക്കായിരുന്നു ഭീകരരുടെ യാത്ര. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ ശ്രീനഗർ വിമാനത്താവളത്തിൽ ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് ഇദ്ദേഹം.

ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ മിർ ബസാറിൽ വച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് എകെ 47 തോക്കുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ദേവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും കണ്ടെത്തി. ദേവീന്ദർ സിംഗിനെ ഭീകരർക്കൊപ്പം പിടികൂടിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.