
കോട്ട: സർക്കാർ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പിന്നാലെ വിദ്യാർത്ഥികൾ അവശനിലയിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 27 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷ്യവിഷബാധയെന്ന് ഉറപ്പിക്കാനാകില്ലെന്ന് അധികൃതർ വിശദമാക്കുന്നത്. മറ്റ് കാരണങ്ങളും പരിശോധിക്കുന്നുവെന്നാണ് അധികൃതരുടെ പ്രതികരണം. രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി സിജെപി രംഗത്ത് എത്തിയിരിക്കെയാണ് സംഭവമെന്നതാണ് ശ്രദ്ധേയം. ബീഹാറിലെ സ്കൂളിൽ നൽകിയ ഭക്ഷണത്തിൽ അലക്കുപൊടി കലർന്നതിനെ തുടർന്ന് കുട്ടികൾ ആശുപത്രിയിലായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോട്ടയിലെ പൂനിയ ദേവ്ലി ഗ്രാമത്തിലുള്ള ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിലാണ് ഈ സംഭവം ഉണ്ടായത്.
ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം തലകറക്കം, ഛർദ്ദി, വയറുവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായത്. അന്നേ ദിവസം സ്കൂളിൽ ഹാജരുണ്ടായിരുന്ന നൂറിലധികം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് ചില കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. ലക്ഷണങ്ങൾ കടുത്തതിനെ തുടർന്ന് കുട്ടികളിൽ ഭൂരിഭാഗത്തിനെയും സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലും നഗരത്തിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ചില കുട്ടികളെ ഗവൺമെന്റ് ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു ചിലരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആരുടെയും അവസ്ഥ ഗുരുതരമല്ലെന്നും മെഡിക്കൽ സംഘം അറിയിച്ചിട്ടുണ്ട്.
സംഭവം അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ഉടനടി ഉത്തരവിട്ടിട്ടുണ്ട്. സ്കൂളിലേക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത ഏജൻസിയിൽ നിന്നും ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഭക്ഷണത്തിലെ വിഷാംശമാണോ അതോ കഠിനമായ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും ശുദ്ധജലത്തിന്റെ ലഭ്യതക്കുറവുമാണോ കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് അന്വേഷിച്ചു വരികയാണ്. വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് കുട്ടികളുടെ നില വിലയിരുത്തുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam