മതപരമായ ഇഷ്ടത്തിന് യൂണിഫോം മാറ്റാൻ അവകാശമില്ല. അച്ചടക്കവും തുല്യതയും വളർത്താനും മതനിരപേക്ഷമായ അന്തരീക്ഷം സൃഷ്ടിക്കാനും പൊതുവായ യൂണിഫോം സഹായിക്കുമെന്നും, ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കാൻ മതിയായ തെളിവില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
പ്രയാഗ്രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ഏകീകൃത യൂണിഫോം നിർബന്ധമെന്നും കോടതി വ്യക്തമാക്കി.മതപരമായ ഇഷ്ടത്തിന്റെ പേരിൽ യൂണിഫോം മാറ്റാൻ അവകാശമില്ല. ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി വിശദമാക്കി. പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയ വിദ്യാർത്ഥിനിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ താൻ ഹിജാബ് ധരിച്ചാണ് സ്‌കൂളിൽ വന്നിരുന്നതെന്നും, യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് തുടരാൻ അനുവാദം നൽകണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. എന്നാൽ സ്‌കൂൾ മാനേജ്‌മെന്റ് ഇതിന് അനുമതി നൽകിയിരുന്നില്ല.ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുൻപത്തെ ക്ലാസുകളിൽ സ്‌കൂൾ അധികൃതർ ഹിജാബ് ധരിക്കുന്നത് എതിർക്കാതിരുന്നത് കൊണ്ട് മാത്രം അതൊരു സ്ഥിരമായ അവകാശമായി ഉന്നയിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.പൊതുവായ ഒരു യൂണിഫോം നടപ്പിലാക്കുന്നത് വിദ്യാർത്ഥികളിൽ അച്ചടക്കവും തുല്യതയും വളർത്താനും സ്‌കൂളുകളിൽ മതനിരപേക്ഷമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നും കോടതി പറഞ്ഞു. ഹർജിക്കാരി പഠിച്ചിരുന്ന ക്ലാസുകളിലെ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും, അതേ സമുദായത്തിൽപ്പെട്ട മറ്റു പെൺകുട്ടികളാരും തന്നെ ഹിജാബ് ധരിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുള്ളത്.


