അമ്മക്കടുവയെയും നാല് കുഞ്ഞുങ്ങളെയും വിഷം നൽകി കൊന്ന കേസ്; കടുത്ത നടപടിയുമായി കർണാടക സർക്കാർ, ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

Published : Jul 05, 2025, 12:08 PM ISTUpdated : Jul 05, 2025, 12:22 PM IST
Tiger dies

Synopsis

കടുവകളുടെ മരണത്തിന് കാരണക്കാരാണെന്ന് സംശയിക്കുന്ന പശുവിന്റെ ഉടമ ഉൾപ്പെടെ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: മാലെ മഹാദേശ്വര കുന്നുകളിൽ അഞ്ച് കടുവകളെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. കൃത്യവിലോപം ആരോപിച്ച് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) വൈ ചക്രപാണിയെ സ്ഥലം മാറ്റാനും ചെയ്യാനും മന്ത്രി ശുപാർശ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. 

ജൂൺ 26നാണ് എംഎം ഹിൽസിൽ ഒരു പെൺ കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയത്. കടുവകളുടെ മരണത്തിന് കാരണക്കാരാണെന്ന് സംശയിക്കുന്ന പശുവിന്റെ ഉടമ ഉൾപ്പെടെ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. പശുവിന്റെ ജഡത്തിൽ വിഷം കലർത്തിയാണ് കടുവകളെ കൊലപ്പെടുത്തിയത്. സംഭവം അന്വേഷിക്കാൻ രൂപീകരിച്ച അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) കുമാർ പുഷ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണ സമിതി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സസ്പെൻഷൻ തീരുമാനം.

ജൂലൈ 10 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സമിതിയോട് നിർദ്ദേശിച്ചു. കടുവകളുടെ അസ്വാഭാവിക മരണങ്ങളിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കൃത്യവിലോപവും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഡിസിഎഫ് വൈ ചക്രപാണിയെ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിലേക്ക് മാറ്റാന്‍ മന്ത്രി ശുപാർശ ചെയ്തുവെന്ന് ഖന്ദ്രെയുടെ ഓഫീസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. പട്രോളിംഗ് ജീവനക്കാരെ ഫലപ്രദമായി നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും മന്ത്രി ആരോപിച്ചു. 

എന്നാൽ, കഴിഞ്ഞ മൂന്ന് മാസമായി ഫ്രണ്ട്‌ലൈൻ കരാർ ജീവനക്കാർക്ക് വേതനമോ അലവൻസുകളോ നൽകിയിട്ടില്ലെന്നും ഇത് പട്രോളിംഗ് പ്രവർത്തനങ്ങൾക്ക് തടസ്സമായെന്നും ആരോപണമുയർന്നു. മാർച്ച് മുതൽ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് ജൂൺ 23 ന് കരാർ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം