
ദില്ലി: ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. രേഖ ഗുപ്തയെ കൊല്ലുമെന്ന് പറഞ്ഞുള്ള ഫോൺ കോൾ ഗാസിയാബാദ് പൊലീസിനാണ് ലഭിച്ചത്. ഫോണ്‍ വിളിച്ചയാളെ പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് പ്രതി ഫോൺ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ശ്ലോക് തിവാരി എന്ന 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി തട്ടിപ്പുകാരനാണെന്നും ഇടയ്ക്കിടെ ആൾമാറാട്ടം നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്പെഷ്യൽ സെൽ ഓഫീസിൽ ഇയാളെ ചോദ്യംചെയ്തു വരികയാണ്.
വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ രാത്രിയിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ വിളിച്ചാണ് പ്രതി ഭീഷണി മുഴക്കിയത്. തുടർന്ന് ഗാസിയാബാദ് പൊലീസ് ഡൽഹി പൊലീസിനെ വിവരം അറിയിച്ചു. പഞ്ചവടി കോളനിയിൽ നിന്നാണ് കോൾ വന്നതെന്ന് തിരിച്ചറിഞ്ഞു. യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയെന്ന് ഗാസിയാബാദ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ റിതേഷ് ത്രിപാഠി പറഞ്ഞു. വധഭീഷണി മുഴക്കിയ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും എന്തായിരുന്നു ഉദ്ദേശ്യമെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.