
ദില്ലി: ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 114 വിമാനങ്ങളുടെ സർവീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ദിവസവുമുള്ള വിമാന സർവീസുകളുടെ 7.5 ശതമാനമാണിത്. നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ അടച്ചിടുന്നതിനാൽ ജൂൺ 15 മുതൽ സർവീസുകൾ റദ്ദാക്കുമെന്നാണ് വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎൽ അറിയിച്ചത്.
മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന നവീകരണം തിരക്ക് കാരണം മാറ്റിവയ്ക്കുകയായിരുന്നു. റൺവേ ആർഡബ്ല്യു 10/28 ന്റെ നവീകരണ പ്രവർത്തനങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. മൂടൽമഞ്ഞ് സീസണിൽ കുറഞ്ഞ ദൃശ്യപരത അനുഭവപ്പെടുന്നതിനാൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ്) നവീകരിക്കും.
രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം 1450 വിമാന സർവീസുകളാണുള്ളത്. നാല് റൺവേകളുണ്ട്- ആർഡബ്ല്യു 09/27, ആർഡബ്ല്യു 11ആർ/29എൽ, ആർഡബ്ല്യു 11എൽ/29ആർ, ആർഡബ്ല്യു 10/28. നിലവിൽ ടി1, ടി3 എന്നീ ടെർമിനലുകളുമുണ്ട്. അറ്റകുറ്റപ്പണികൾക്കായി ടി2 നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള നവീകരണം ആകെ 200 വിമാന സർവീസുകളെ ബാധിക്കും. 114 എണ്ണം റദ്ദാക്കും. 86 എണ്ണത്തിന്‍റെ സമയം പുനക്രമീകരിക്കും. സെപ്റ്റംബർ 15 മുതൽ റൺവേ പ്രവർത്തനം പുനരാരംഭിക്കുമെങ്കിലും, മൂടൽമഞ്ഞ് സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നവംബർ 27 ഓടെയായിരിക്കും ഐഎൽഎസ് നവീകരണം പൂർത്തിയാക്കുകയെന്ന് ഡിഐഎഎൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam