കോട്ടയില്‍ ശിശുമരണം തുടരുന്നു; മരണസംഖ്യ 107 ആയി ഉയർന്നു, സർക്കാരിനെതിരെ പ്രതിഷേധം ശക്തം

By Web TeamFirst Published Jan 4, 2020, 11:41 AM IST
Highlights

സർക്കാർ ആശുപത്രിയിൽ കുട്ടികൾ വ്യാപകമായി മരിച്ചതോടെ മുഖ്യമന്ത്രി അശോക് ​ഗഹ്​‍ലോട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.    സംഭവത്തിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്​‍ലോട്ട് ​രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി രം​ഗത്തെത്തി.

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിൽ ശനിയാഴ്ച രണ്ടു നവജാത ശിശുക്കൾകൂടി മരിച്ചു. ഇതോടെ കഴിഞ്ഞ മാസം ഡിസംബർ മുതൽ ഇതുവരെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. ഡിസംബറിൽ 100 നവജാത ശിശുക്കളാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെ കെ ലോണ്‍ ആശുപത്രിയിൽ മരിച്ചത്. അതേസമയം, 2014ലെ ശിശുമരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 2019ലെ മരണസംഖ്യ വളരെ കുറവാണെന്ന് സർക്കാർ അവകാശപ്പെട്ടു.

സർക്കാർ ആശുപത്രിയിൽ കുട്ടികൾ വ്യാപകമായി മരിച്ചതോടെ മുഖ്യമന്ത്രി അശോക് ​ഗഹ്​‍ലോട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്​‍ലോട്ട് ​രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി രം​ഗത്തെത്തി. ശിശുമരണം വ്യാപകമായി റിപ്പോർട്ട് ചെയ്തതോടെ ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡയുടെ നേതൃത്വത്തിൽ എംപി ലോകേത് ചാറ്റർജി, കാന്ത കാർഡം, ജാസ്കൌർ മീന എന്നിവർ ഉൾപ്പെട്ട ബിജെപി പാർലമെന്ററി സംഘം ആശുപത്രി സന്ദർശിച്ചിരുന്നു.

Read More: കോട്ടയില്‍ ശിശുമരണം തുടരുന്നു; ഡിസംബറിൽ മാത്രം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 100

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ സംഘം ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശിച്ച് നടപടി കൈക്കൊള്ളമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു. രണ്ടും മൂന്നും കുട്ടികളെ ഒറ്റ കിടക്കയിൽ കണ്ടെത്തിയതായും ആശുപത്രിയിൽ വേണ്ടത്ര നഴ്‌സുമാർ ഇല്ലെന്നും ഡോക്ടർമാർ ശ്രദ്ധപുലർത്തുന്നില്ലെന്നും, മരിച്ച കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ജനന സമയത്ത് ഭാരം കുറവായതിനാലാണ് കുട്ടികൾ പ്രധാനമായും മരിക്കുന്നതെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നത്.  

Read More: രാജസ്ഥാനിലെ ശിശുമരണം; സംസ്ഥാനസര്‍ക്കാരിനെതിരെ കേന്ദ്രം, തിരിച്ചടിച്ച് മുഖ്യമന്ത്രി

നേരത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഒരുമാസത്തിനകം സംഭവത്തിൽ വിശദമായ റിപ്പോർ‌ട്ട് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നോട്ടീസയച്ചത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് നോട്ടീസ് അയച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.

ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അമ്മമാരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബിജെപി സർക്കാരിന്റെ കാലത്തെക്കാൾ ശിശുമരണനിരക്ക് കുറഞ്ഞെന്ന് അശോക് ഗെഹ്ലോട്ട് തിരിച്ചടിച്ചിരുന്നു.

 

click me!