തമിഴ്നാട്ടിൽ വീണ്ടും ചികിത്സ കിട്ടാതെ മരണം; ആശുപത്രി മുറ്റത്ത് കിടന്ന് 5 കൊവിഡ് രോഗികള്‍ മരിച്ചു

By Web TeamFirst Published May 18, 2021, 1:10 PM IST
Highlights

ചികിത്സ ലഭിക്കാതെ, ശ്വാസം കിട്ടാതെ മനുഷ്യര്‍ മരിച്ചുവീഴുന്ന കാഴ്ച. സേലം മെഡിക്കല്‍ കോളേജ് ആശുപത്രി മുറ്റത്താണ് ഒടുവിലത്തെ ദാരുണ സംഭവം. 

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ചികിത്സ കിട്ടാതെ അഞ്ച് കൊവിഡ് ബാധിതര്‍ കൂടി മരിച്ചു. സേലം സര്‍ക്കാര്‍ ആശുപത്രി മുറ്റത്ത് ചികിത്സ കാത്ത് കിടന്നവരാണ് മരിച്ചത്. ചികിത്സ തേടി നിരവധി ആശുപത്രികളില്‍ ഇവര്‍ കയറിയിറങ്ങിയിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കോടതി നടപടികള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കുന്നതായി മദ്രാസ് ഹൈക്കോടതി അറിയിച്ചു.

ചികിത്സ ലഭിക്കാതെ, ശ്വാസം കിട്ടാതെ മനുഷ്യര്‍ മരിച്ചുവീഴുന്ന കാഴ്ച. സേലം മെഡിക്കല്‍ കോളേജ് ആശുപത്രി മുറ്റത്താണ് ഒടുവിലത്തെ ദാരുണ സംഭവം. ഇന്നലെ വൈകിട്ട് മുതല്‍ ആംബുലന്‍സില്‍ കാത്ത്കിടന്ന രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് പേരാണ് മരിച്ചത്. സ്വകാര്യ ആശുപത്രികളെ അടക്കം സമീപിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. സ്വകാര്യ ആംബുന്‍സില്‍ ചികിത്സ കാത്ത് ആശുപത്രി മുറ്റത്ത് കാത്തുകിടക്കുന്നവരുടെ നീണ്ട നിരയാണ് ചെന്നൈയിലും ദൃശ്യമാവുന്നത്.

കഴിഞ്ഞ ദിവസം മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ ആറ് കൊവിഡ് ബാധിതര്‍ മരിച്ചിരുന്നു. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ചെന്നൈയില്‍ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂമില്‍ ബന്ധപ്പെട്ടാല്‍ ഓക്സിജന്‍ ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും തമിഴകത്ത് മരണനിരക്ക് കൂടുന്നതാണ് ആശങ്ക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!