തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

Published : Sep 12, 2025, 03:23 AM IST
Stray-Dogs

Synopsis

ചണ്ഡീഗഡിൽ തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് ₹10,000 പിഴ ചുമത്താൻ മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു. നായകൾക്ക് ഭക്ഷണം നൽകാനായി നഗരത്തിൽ നിശ്ചിത സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ഈ സ്ഥലങ്ങളിൽ അല്ലാതെ ഭക്ഷണം നൽകുന്നവർക്കെതിരെയാണ് പിഴ.

ചണ്ഡീഗഡ്: തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതുതായി തയ്യാറാക്കിയ പെറ്റ് ആൻഡ് കമ്മ്യൂണിറ്റി ഡോഗ്സ് ബൈലോസ് 2025 പ്രകാരം, ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞു.

ഈ സ്ഥലങ്ങളിൽ അല്ലാതെ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവരെ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ പിഴ ഈടാക്കും. കേന്ദ്രഭരണ പ്രദേശത്തിന്‍റെ ഭരണകൂടം ഈ നിയമം വിജ്ഞാപനം ചെയ്താൽ ഇത് പ്രാബല്യത്തിൽ വരും.പുതിയ നിയമമനുസരിച്ച്, റെസിഡന്‍റ് വെൽഫെയർ അസോസിയേഷനുകളും (RWAs) മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകളും (MWAs) അതത് സ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഉചിതമായ സ്ഥലങ്ങളും സമയവും രേഖപ്പെടുത്താൻ ബാധ്യസ്ഥരാണ്. ഇതിനായി അവർക്ക് പ്രാദേശികമായി നായകൾക്ക് ഭക്ഷണം നൽകുന്നവരുമായും, പ്രദേശത്തെ കൗൺസിലറുമായും, എംസി രജിസ്ട്രേഷൻ അതോറിറ്റിയുമായും കൂടിയാലോചിക്കാം.

നായപ്രേമികൾ അറിയേണ്ടത്

ഇനിമുതൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുമ്പോൾ ഓരോ വ്യക്തിയും ജാഗ്രത പാലിക്കണം. കുട്ടികളുടെ കളിസ്ഥലങ്ങൾ, ഗോവണിപ്പടികൾ, പ്രവേശന കവാടങ്ങൾ, എക്സിറ്റ് പോയിന്‍റുകൾ, ഉയർന്ന തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകലെയായിരിക്കും നായകൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലങ്ങൾ.

എന്താണ് ഇതിന്‍റെ ലക്ഷ്യം?

മൃഗസംരക്ഷണവും പൊതു സുരക്ഷയും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുകയാണ് അധിൃതരുടെ ലക്ഷ്യം. നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ, ആർഡബ്ല്യുഎകളും എംഡബ്ല്യുഎകളും ഭക്ഷണം നൽകാനുള്ള സ്ഥലങ്ങളുടെ പട്ടിക പങ്കിടാൻ ആവശ്യപ്പെടും. തോന്നുന്ന സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദിക്കില്ലെന്ന് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സുപ്രീം കോടതിയുടെ വിധി

റെസിഡന്‍റ് വെൽഫെയർ അസോസിയേഷനുകളുമായും പ്രാദേശിക അധികൃതരുമായും കൂടിയാലോചിച്ച് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ അടുത്തിടെ സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. "ഈ നിർദ്ദേശം ലംഘിച്ച് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ ബന്ധപ്പെട്ട നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ ബാധ്യസ്ഥരാണ്," എന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഹെൽപ്‌ലൈനുകൾ സ്ഥാപിക്കണമെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ