
ദില്ലി: പാകിസ്ഥാനും ചൈനയ്ക്കും വെല്ലുവിളിയായ ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ നാവികസേനയുടെ ഭാഗമായി. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു. അരിധമൻ ഒരു വാക്ക് മാത്രമല്ല ശക്തിയാണെന്ന് പ്രതിരോധമന്ത്രി പ്രതികരിച്ചു
പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ ഇന്ത്യയുടെ മറ്റൊരു കുതിച്ചുചാട്ടം കൂടിയാണിത്. ഐഎൻഎസ് അരിധമനെ നാവികസേനയിൽ ഉൾപ്പെടുത്തിയതോടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങൾക്ക് കൂടുതൽ കരുത്താകും. ഇന്ത്യയുടെ അഡ്വാൻസ്ഡ് ടെക്നോളജി വെസ്സൽ പദ്ധതിയുടെ കീഴിൽ നിർമ്മിച്ച മൂന്നാമത്തെ അരിഹന്ത്-ക്ലാസ് ആണവ അന്തർവാഹിനി ആണിത്. കടലിൽ നിന്ന് ആണവ ആക്രമണം നടത്താനുള്ള കഴിവ് ഈ അന്തർവാഹിനിക്കുണ്ട്. അന്തർവാഹിനിയുടെ 90 ശതമാനത്തിലധികവും ഇന്ത്യയിലാണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിച്ച ഈ അന്തർവാഹിനിയിലെ ആണവ റിയാക്ടർ ഇന്ത്യൻ എഞ്ചിനീയർമാരുടെ വൈദഗ്ധ്യത്തിന് തെളിവാണ്.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്കും ഭാവിയിലെ നവീകരണങ്ങൾക്കും ഇന്ത്യയ്‌ക്ക് മറ്റൊരു രാജ്യത്തെയും ആശ്രയിക്കേണ്ടിവരില്ല. ഐഎൻഎസ് അരിധമന്റെ ആയുധപ്പുരയിലെ ഏറ്റവും മാരകമായ ആയുധം കെ-4 ബാലിസ്റ്റിക് മിസൈലാണ്. 3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ ഈ മിസൈലുകൾക്ക് കഴിയും. കടലിനടിയിൽ എവിടെ നിന്നും ഈ അന്തർവാഹിനിക്ക് ശത്രു നഗരങ്ങളെയോ സൈനിക താവളങ്ങളെയോ കത്തിച്ച് ചാമ്പലാക്കാനാകും. കടലിൽ നിന്ന് ദീർഘദൂര ആണവ ആക്രമണങ്ങൾ നടത്താൻ കഴിവുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇതോടെ ഇടം നേടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam