രാജ്യത്ത് ഇ 25 പെട്രോൾ നടപ്പാക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. റിപ്പോർട്ടുകൾ വിലയിരുത്തിയും വാഹന നിർമ്മാതാക്കളുമായി ചർച്ച നടത്തിയ ശേഷവും മാത്രമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ ഇ 20 പെട്രോളിൽ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു

ദില്ലി: രാജ്യത്ത് ഇ 25 പെട്രോൾ (25 ശതമാനം എഥനോൾ ചേർത്ത ഇന്ധനം) ഘട്ടങ്ങളായി നടപ്പാക്കുന്നതിന് ഇനിയും സമയമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇതുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോർട്ട് കൃത്യമായി വിലയിരുത്തിയും വാഹന നിർമ്മാതാക്കൾ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷവും മാത്രമേ അന്തിമ നടപടികളിലേക്ക് കടക്കൂവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഇ 20 പെട്രോളിൽ സംതൃപ്തരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, ഉയർന്ന എഥനോൾ മിശ്രിതമായ ഇ 25 പെട്രോൾ അടുത്തിടെയാണ് അവതരിപ്പിച്ചതെന്നും ഇത് രാജ്യത്തെ പെട്രോൾ പമ്പുകളിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ധനവില വൈകാതെ കുറയും

അതേസമയം രാജ്യത്ത് ഇന്ധന വില പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുൻപ് കുറഞ്ഞേക്കുമെന്നാണ് വ്യക്താകുന്നത്. പത്ത് ദിവസത്തിനകം നഷ്ടം വികത്താനാകുമെന്നാണ് എണ്ണ കമ്പനികളുടെ പ്രതീക്ഷ. പശ്ചിമേഷ്യൻ യുദ്ധസമയത്ത് 120 ഡോളറിന് മുകളിൽ 1 ബാരൽ ക്രൂഡിന് വില ഉയർന്നപ്പോൾ കൂട്ടിയ വില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും കുറയ്ക്കാത്തതെന്തുകൊണ്ടെന്ന വിമർശനം ശക്തമാണ്. പ്രതിപക്ഷം വിഷയം കേന്ദ്ര സർക്കാറിനെതിരെ ആയുധമാക്കുന്നത് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാർലമെന്റ് വ‌ർഷകാല സമ്മേളനത്തിന് മുമ്പ് വില കുറച്ചേക്കുമെന്ന സൂചന വരുന്നത്. പെട്രോൾ ഡീസൽ വില കുറയ്ക്കാനുള്ള തീരുമാനം ഇരുപതാം തീയതിക്ക് മുൻപ് കമ്പനികൾ എടുക്കാനാണ് സാധ്യത. യുദ്ധസമയത്ത് കാര്യമായി വില ഉയർത്താതെ നഷ്ടം സഹിച്ചതാണ് കമ്പനികൾ വില കുറയ്ക്കാതിരിക്കാൻ കാരണമായി പറഞ്ഞത്. പത്ത് ദിവസം കൂടി ഇപ്പോഴത്തെ അന്താരാഷ്ട്ര വില തുടർന്നാൽ നഷ്ടം നികത്താനാകുമെന്നാണ് കമ്പനികൾ പറയുന്നത്. സൗദി അറേബ്യ ഏഷ്യൻ വിപണിക്കുള്ള ക്രൂഡ് ഓയിൽ വില 11 ഡോളർ കുറച്ചതും കേന്ദ്ര സർക്കാർ വിലയിരുത്തുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഇന്ത്യ വിതരണം ചെയ്ത് തുടങ്ങിയത്. നിശ്ചയിച്ചതിലും വളരെ നേരത്തെയാണ് രാജ്യം ഇ 20 പെട്രോളിലേക്ക് മാറിയത്. പിന്നാലെ ഇത് 25 ശതമാനത്തിലേക്കുയർത്താനുള്ള നീക്കം കേന്ദ്രം തുടങ്ങിയിരുന്നു. ഇ 25 പെട്രോൾ വൈകാതെ വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞിരുന്നു. എന്നാൽ എഥനോൾ ചേർത്ത പെട്രോളിനെതിരെ വാഹന ഉടമകളടക്കം പരസ്യ പ്രതിഷേധം തുടങ്ങിയ സാഹചര്യത്തിലാണ് ഇ 25 പെട്രോൾ ഉടൻ നടപ്പാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്.