അവസ്ഥ അതിഭീകരം, വായു മലിനീകരണത്തിൽ വട്ടം കറങ്ങി രാജ്യ തലസ്ഥാനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി സർക്കാർ, പഴയ ചരക്ക് വാഹനങ്ങൾക്ക്‌ വിലക്ക്

Published : Nov 01, 2025, 11:47 AM IST
delhi air pollution

Synopsis

ദില്ലിയിലെ രൂക്ഷമായ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി, ദില്ലിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ബി എസ് 3 മുതലുള്ള പഴയ ചരക്ക് വാഹനങ്ങൾക്ക് തലസ്ഥാനത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തി

ദില്ലി: വായു മലിനികരണം കുറയ്ക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി സർക്കാർ. ദില്ലിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത പഴയ ചരക്ക് വാഹനങ്ങൾക്ക്‌ ഇന്ന് മുതൽ ദില്ലിയിൽ വിലക്കേർപ്പെടുത്തി. ബി എസ് 3 മുതൽ താഴേക്കുള്ള വാഹനങ്ങൾക്കാണ് വായുമലിനീകരണ മേൽനോട്ട സമിതി വിലക്ക് ഏർപ്പെടുത്തിയത്. ബി എസ് 6, സി എൻ ജി, എൽ എൻ ജി, ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക്‌ ഇന്ന് മുതൽ ദില്ലിയിലേക്ക് പ്രവേശനമില്ല. ബി എസ് 4 ചരക്ക് വാഹനങ്ങൾക്ക് അടുത്തവർഷം ഒക്ടോബർ 31 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. ദില്ലിയിൽ വായുമലിനീകരണതോത് ഇന്നും മോശം വിഭാഗത്തിൽ തുടരുകയാണ്. 237 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് ( എ ക്യു ഐ).

ക്ലൗഡ് സീഡിംഗ് മഴ പരീക്ഷണം പാളി

വായു മലിനീകരണത്തിന് പരിഹാരം കാണാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂരും ദില്ലി സർക്കാരും ചേർന്ന് ചൊവ്വാഴ്ച നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയുള്ള മഴ പരീക്ഷണം പാളിയതും സാഹചര്യം രൂക്ഷമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് കാര്യമായ മഴയൊന്നും രേഖപ്പെടുത്തിയില്ല. മേഘങ്ങളിലെ ഈർപ്പം കുറവായിരുന്നതാണ് ഇതിന് കാരണമായി കാണ്‍പൂര്‍ ഐ ഐ ടി ചൂണ്ടി കാണിക്കുന്നത്. ഐ ഐ ടി - കാൺപൂർ ഡയറക്ടർ മണീന്ദ്ര അഗർവാളിന്‍റെ അഭിപ്രായത്തിൽ, പദ്ധതി പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണം, മേഘങ്ങളിലെ ഈർപ്പാംശം തീരെ കുറവായിരുന്നു എന്നതാണ്. മേഘങ്ങളിലെ ഈർപ്പാംശം 15 – 20 ശതമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് മഴ ലഭിക്കാനുള്ള സാധ്യത വളരെയധികം കുറച്ചു. കൂടാതെ ഈ പ്രക്രിയ മലിനീകരണ പ്രശ്‌നത്തിന് ഒരു മാന്ത്രിക പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ക്ലൗഡ് സീഡിംഗ് പരീക്ഷണം

ദില്ലി സർക്കാരുമായി സഹകരിച്ച് വിമാനങ്ങളിൽ പറന്ന് കൊണ്ട് ദില്ലിയുടെ പുറം ഭാഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഉപയോ​ഗിച്ച ഫ്ളെയറുകളിൽ 20 ശതമാനം സിൽവർ അയോഡൈഡും ബാക്കി കല്ലുപ്പും കറിയുപ്പും (rock salt and common salt) അടങ്ങിയ മിശ്രിതവുമാണ് ഉണ്ടായിരുന്നതെന്നും മണീന്ദ്ര അഗർവാൾ വ്യക്തമാക്കി. അനുകൂലമായ മേഘാവസ്ഥയും ഈർപ്പവും ഉണ്ടെങ്കിൽ വീണ്ടും പരീക്ഷണം നടത്തുമെന്നും അദ്ദേഹം വിവരിച്ചു. ക്ലൗഡ് സീഡിംഗ് പരീക്ഷണം പ്രതീക്ഷിച്ച മഴ നൽകിയില്ലെങ്കിലും, ദില്ലിയിലെ അന്തരീക്ഷ സാഹചര്യങ്ങളിൽ ഈ സാങ്കേതികവിദ്യയുടെ പരിമിതികളെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മേഘങ്ങളിൽ ആവശ്യത്തിന് ഈർപ്പം ഇല്ലാതെ, കൃത്രിമ മഴയുണ്ടാക്കാനുള്ള ശ്രമങ്ങൾ അനിശ്ചിതമായിരിക്കുമെന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും സംഘം വിശദീകരിച്ചു. 1.2 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെന്‍റ് പരിഗണിച്ചപ്പോള്‍ രാഹുൽ BMW ബൈക്ക് ഓടിക്കുകയായിരുന്നു ': ജോണ്‍ ബ്രിട്ടാസ്
ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു