ശ്വാസം മുട്ടി ദില്ലി, അന്തരീക്ഷ മലിനീകരണം രൂക്ഷം; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍

By Web TeamFirst Published Nov 5, 2019, 7:16 AM IST
Highlights

നാളെ പഞ്ചാബ്, ഹരിയാന, യു.പി, ദില്ലി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്

ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ദില്ലി സർക്കാർ നടപ്പാക്കുന്ന ഒറ്റ ഇരട്ട നമ്പർ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാനാകൂ. ഇന്നലെ മുതലാണ് വാഹന നിയന്ത്രണം നിലവിൽ വന്നത്. നിയന്ത്രണം ലംഘിച്ച 223 വാഹനങ്ങൾക്ക് ഇന്നലെ പിഴ ഈടാക്കി. 4000 രൂപയാണ് പിഴ.

ദില്ലിയിലെ വായു മലിനീകരണം തടയുന്നതിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ജനങ്ങൾ മരിക്കുമ്പോൾ സര്‍ക്കാരുകൾ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ദില്ലിയിൽ മാലിന്യങ്ങൾ കത്തിച്ചാൽ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. 

നാളെ പഞ്ചാബ്, ഹരിയാന, യു.പി, ദില്ലി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം ദില്ലിയിൽ നടപ്പാക്കിയ വാഹന നിയന്ത്രണ കാര്യക്ഷമല്ലെന്ന് കോടതി വിമർശിച്ചു.

വായു മലിനീകരണ തോത് ദില്ലിയിൽ പലയിടത്തും 500 പോയിന്‍റിന് മുകളിലായി തുടരുകയാണ്. ആളുകൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നു. ദില്ലിയിലെ  പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്‍കിയ ജാഗ്രതാ നിർദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാർ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്.
 

click me!