ഡോക്ടർ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയിൽ; ഡോ ഷഹീന് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Published : Nov 11, 2025, 02:58 PM IST
delhi blast umar

Synopsis

പുൽവാമ സ്വദേശി ഡോക്ടർ സജാദ് ആണ് കസ്റ്റഡിയിൽ ആയത്. ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തതായി ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു. അതേസമയം, താരിഖിൽ നിന്ന് ഉമർ വാഹനം വാങ്ങിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.  

ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയിൽ. പുൽവാമ സ്വദേശി ഡോക്ടർ സജാദ് ആണ് കസ്റ്റഡിയിൽ ആയത്. ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തതായി ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു. അതേസമയം, താരിഖിൽ നിന്ന് ഉമർ വാഹനം വാങ്ങിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വാഹനം പുക പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അതേസമയം, ഡോ ഷഹീന് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണ്. ഫരീദാബാദ് കേസിൽ പ്രതിയായ ഷഹീനെ ഇന്നലെ ലക്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഉമറും മുസ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ (Alfalah University ) സർവകലാശാലയിൽ പരിശോധന നടന്നുവരികയാണ്. ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും അടക്കം എട്ടു പേരെ ചോദ്യം ചെയ്യുകയാണ്.

പൊട്ടിത്തെറിച്ച കാറിൻ്റെ സഞ്ചാരം മാപ്പ് ചെയ്ത് പൊലീസ്

ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിൻ്റെ സഞ്ചാരം മാപ്പ് ചെയ്ത് പൊലീസ്. ഐ20 കാർ ദില്ലിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ദില്ലി പൊലീസ് കണ്ടെത്തി. ഫരീദാബാദ് ഭാഗത്ത് നിന്ന് ബദർപൂർ ടോൾ ബൂത്തിലൂടെ ദില്ലിയിലേക്ക് കടന്ന കാർ 8.30 ഓടെ ഓഖ്ല പെട്രോൾ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം നിന്നു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം സെൻട്രൽ ഓൾഡ് ദില്ലിയിലൂടെ കറങ്ങി മൂന്നരയോടെ റെഡ് ഫോർട്ട് പാർക്കിംഗിലെത്തി. ആറരയോടെയാണ് സിസിടിവിയിൽ പതിഞ്ഞ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടക്കുന്നത്. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.

അതേസമയം, സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് സ്ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം. ഡോക്ടർ ഉമർ മുഹമ്മദിന്‍റെ കശ്മീരിലെ വീട്ടിൽ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വാഭാവി ആയിരുന്നുവെന്നും സഹോദരന്‍റെ ഭാര്യ പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി. ഇതിനിടെ, സ്ഫോടനത്തിൽ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് രംഗത്തെത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നൽകുകയാണെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീംകോടതി അനുശോചനം അറിയിച്ചു.

ചാവേര്‍ ആക്രമണമെന്ന് സ്ഥിരീകരണം

ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണം എന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആക്രമണത്തിന് പദ്ധതി ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ ദില്ലിയിൽ ഉന്നത തല യോഗം ചേരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ദില്ലി പോലീസ് കമ്മീഷണർ, എൻഐഎ ഡിജി എന്നിവർ അടക്കം ഉന്നതർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും. ജമ്മു കശ്മീർ ഡിജിപിയും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി