
ദില്ലി: പിസി ചാക്കോയ്ക്ക് എതിരെ ദില്ലി കോണ്‍ഗ്രസില്‍ പടയൊരുക്കം. ചാക്കോയെ ദില്ലിയുടെ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്തെഴുതി. ദില്ലിയില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ചാക്കോയ്ക്കെതിരായ നീക്കം. അതേസമയം, സ്ഥാനമോഹികളായ ചിലരാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് പി സി ചാക്കോ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പി സി ചാക്കോ ചുമതലയേറ്റ ശേഷം നടന്ന ദില്ലി മുന്സിപ്പല് കോര്‍പ്പറേഷന്‍, നിയമസഭ തെരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് ശോഭിക്കാനായിരുന്നില്ല. ഏറ്റവുമൊടുവില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ദയനീയ തോല്‍വി ഏറ്റുവാങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചാക്കോയ്ക്കെതിരായ പടനീക്കം ശക്തമാകുന്നത്. ബിജെപിക്കെതിരെ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമാകാമെന്ന് അവസാന നിമിഷം വരെ ചാക്കോ വാശിപിടിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ദില്ലി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഒരാശയവും ചാക്കോ മുന്‍പോട്ട് വയ്ക്കുന്നില്ലെന്നും എതിര്‍പക്ഷം കത്തില്‍ ആരോപിക്കുന്നു.
ദില്ലി പിസിസിയുടെ എന്‍ആര്‍ഐ സെല്‍ ചെയര്‍മാന്‍ രോഹിത്മാന്‍ചന്ദയുടെ നേതൃത്വത്തിലാണ് എഐസിസിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഷീല ദീക്ഷിതിനെ അനുകൂലിക്കുന്ന വിഭാഗമാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ചാക്കോ ആരോപിക്കുന്നത്. കത്തിനോട് ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 ലാണ് പി സി ചാക്കോ ദില്ലിയുടെ ചുമതലയേല്‍ക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തിലാണ് ചാക്കോയെ പുറത്താക്കണമെന്ന ആവശ്യം ദില്ലി കോണ്‍ഗ്രസിലുയരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam