രാഹുലിന്‍റെ യോ​ഗാ ദിന ട്വീറ്റ്; പരാതിയുമായി അഭിഭാഷകൻ പൊലീസിൽ

By Web TeamFirst Published Jun 23, 2019, 3:14 PM IST
Highlights

രാഹുൽ ​ഗാന്ധി സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ അഭിഭാഷകനായ അടൽ ദുബെയാണ് പൊലീസിൽ പരാതി നൽകിയത്.

മുംബൈ: അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ രാഹുൽ ​ഗാന്ധി പങ്കുവച്ച ട്വീറ്റിനെതിരെ പരാതിയുമായി അഭിഭാഷകൻ പൊലീസിനെ സമീപിച്ചു. രാഹുൽ ​ഗാന്ധി സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ അഭിഭാഷകനായ അടൽ ദുബെയാണ്  പൊലീസിൽ പരാതി നൽകിയത്.

ഇന്ത്യന്‍ സൈന്യത്തിലെ ഡോഗ് യൂണിറ്റും അവയുടെ പരിശീലകരും ചേര്‍ന്ന് യോഗാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന ചിത്രമാണ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചത്. 'പുതിയ ഇന്ത്യ' എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പ്രധാന മുദ്രാവാക്യമാണ് ട്വീറ്റിന് രാഹുല്‍ നല്‍കിയ തലക്കെട്ട്. 

ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യോഗാ ദിനത്തെയും സൈന്യത്തെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം.

ഇന്ത്യന്‍ സൈന്യത്തിലെ ധീര ജവാന്‍മാരെയും സൈന്യത്തിന്‍റെ ഡോഗ് യൂണിറ്റിനെയും യോഗാ പാരമ്പര്യത്തെയും അതുവഴി ഇന്ത്യയെയും രാഹുല്‍ അപമാനിച്ചെന്നായിരുന്നു ബിജെപി നേതാവ് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തത്. 

എല്ലാ നായ്ക്കളും രാഹുല്‍ ഗാന്ധിയുടെ വളര്‍ത്തുനായ ആയ പിഡിയെപ്പോലെ അല്ലെന്നും ഇന്ത്യയുടെ കാവല്‍ക്കാരായ സൈന്യത്തിന്‍റെ ഡോഗ് യൂണിറ്റിനെ ബഹുമാനിക്കാന്‍ രാഹുല്‍ പഠിക്കണമെന്നായിരുന്നു ബിജെപി വക്താവ് സംപീത് പത്ര വിമര്‍ശിച്ചത്.
 

click me!