
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ റേസ് കോഴ്‌സ് റോഡിലെ ചേരി ഒഴിപ്പിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. ഇവർക്ക് നിലവിലെ ചേരി പ്രദേശത്ത് നിന്നും 45 കിലോമീറ്റർ അകലെയുള്ള സവ്‌ദ ഖേര എന്ന സ്ഥലത്ത് പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. ചേരിപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വയം ഇവിടെ നിന്ന് ഒഴിഞ്ഞുപോകാൻ രണ്ടാഴ്‌ചത്തെ സമയമാണ് കോടതി നൽകിയിരിക്കുന്നത്.
ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. അനധികൃതമായാണ് ചേരിപ്രദേശത്ത് ആളുകൾ താമസിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് പറഞ്ഞ കോടതി, ഇത്തരം ഭരണപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും വ്യക്തമാക്കി.
സൈനിക കേന്ദ്രത്തിൻ്റെ അടുത്തും അതീവ സുരക്ഷാ മേഖലയിലുമാണ് ചേരിയെന്നാണ് കേന്ദ്രം കോടതിയിൽ വാദിച്ചത്. ആഗോള തലത്തിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ ചേരി വലിയ സുരക്ഷാ വെല്ലുവിളി ഉയർത്തുന്നതാണെന്നും കേന്ദ്രം പറഞ്ഞു. സവിദ ഖേരയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് 700 ഓളം പേർ താമസം മാറിയെന്നും ഇവരിൽ 192 പേർക്ക് താമസപത്രം നൽകിയെന്നും 136 പേർ ഇതിനോടകം തങ്ങൾക്ക് കിട്ടിയ ഫ്ലാറ്റുകളിൽ താമസം തുടങ്ങിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
റേസ് കോഴ്‌സ് റോഡിലെ ഭായ് റാം ക്യാംപ്, മസ്‌ജിദ് ക്യാംപ്, ഡിഐഡി ക്യാംപ് എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാരാണ് നേരത്തെ കേന്ദ്രത്തിൻ്റെ ഒഴിപ്പിക്കൽ നീക്കത്തിനെതിരെ രംഗത്ത് വന്നത്. സവ്‌ദ ഖേര ഏറെ ദൂരെയാണെന്നും പകരം തങ്ങൾ ഇപ്പോൾ താമസിക്കുന്ന പ്രദേശത്തിനടുത്ത് മറ്റൊരിടത്ത് പുനരധിവാസം നൽകണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. പുനരധിവാസം അഞ്ച് കിലോമീറ്ററിന് അകത്തായിരിക്കണമെന്ന നിയമം ചൂണ്ടിക്കാട്ടിയായിരുന്നു വാദം. സവ്‌ദ ഖേരയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പോലുമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇവിടെ കെട്ടിടങ്ങൾ നിർമിച്ചത് ഗുണമേന്മയില്ലാത്ത, ഈടും ഉറപ്പുമില്ലാത്ത നിലയിലാണെന്നും ഇവർ ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഹർജിക്കാർ ഉന്നയിച്ചത് പോലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിക്കൊണ്ടാണ് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam