ദില്ലി വിധി ഇന്ന് അറിയാം: എക്സിറ്റ് പോൾ ഫലത്തിന്‍റെ ആത്മവിശ്വാസത്തിൽ എഎപി, പ്രതീക്ഷ കൈവിടാതെ ബിജെപി

By Web TeamFirst Published Feb 11, 2020, 6:31 AM IST
Highlights

എക്സിറ്റ് പോൾ ഫലത്തിന്‍റെ ആവേശത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ അവസാന മണിക്കൂറുകളിൽ പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നു. 

ദില്ലി: ദില്ലി വിധി ഇന്ന് അറിയാം. 21 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 70 സീറ്റുകളുടെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് തുടങ്ങും. 11 മണിയോടെ ഫലം വ്യക്തമാകും. സർവ്വീസ് വോട്ടർമാർക്ക് പുറമെ എൺപത് കഴിഞ്ഞവർക്കും ഇത്തവണ പോസ്റ്റൽ വോട്ടുകൾ അനുവദിച്ചിരുന്നു. 62.59 ശതമാനം പേർ വോട്ടു ചെയ്തു എന്ന കണക്ക്, തർക്കത്തിനൊടുവിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിരുന്നു. എക്കാലത്തെയുംകാൾ കൂടുതൽ സ്ത്രീ വോട്ടർമാർ ഇത്തവണ പോളിംഗ് ബൂത്തിലെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

എക്സിറ്റ് പോൾ ഫലത്തിന്‍റെ ആവേശത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ അവസാന മണിക്കൂറുകളിൽ പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നു. വോട്ട് ഭിന്നിക്കാതിരിക്കാൻ തന്ത്രപരമായ നിലപാട് എടുത്തു എന്ന് ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി പറയുന്നു. ഷഹീൻബാഗ് മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പിലെ തിരിച്ചടി വലിയ ക്ഷീണമാകും. എൻആർസി അംഗീകരിക്കിലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരിക്കെ ദില്ലിയിലെ എതിരായ ജനവിധി സർക്കാർ വാദം ദുർബലപ്പെടുത്തും. മറിച്ച് ബിജെപിക്കുണ്ടാകുന്ന എത് നേട്ടവും സിഎഎയ്ക്കനുകൂലമായ ജനവികാരമായി ബിജെപി വിശദീകരിക്കും.
 

click me!