നെഞ്ചില്‍ വെടിവച്ചോളു, പക്ഷേ രേഖകള്‍ കാണിക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസി

By Web TeamFirst Published Feb 10, 2020, 11:28 PM IST
Highlights

''രേഖകളാണ് അവര്‍ക്ക് കാണേണ്ടതെങ്കില്‍ അവര്‍ക്ക് എന്‍റെ നെഞ്ച് കാണിക്കാം. അവരോട് വെടിവയ്ക്കാന്‍ ആവശ്യപ്പെടും. എന്‍റെ ഹൃദയത്തിലേക്ക് വെടിവയ്ക്കണം. കാരണം എന്‍റെ ഹൃദയത്തില്‍ എന്‍റെ രാജ്യത്തോടുള്ള സ്നേഹമാണ് ഉള്ളത്. ''

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ സമരം ചെയ്യുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറുപടി നല്‍കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.  ''നിങ്ങള്‍ക്ക് ഞങ്ങള്‍ക്ക് നേരെ വെടിവയ്ക്കാം. ചെയ്യാവുന്നതെന്തും ചെയ്യാം. ഞാന്‍ ഈ രാജ്യത്ത് തന്നെ ജീവിക്കും. രേഖകള്‍ ഒന്നും കാണിക്കുകയുമില്ല'' അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഹൈദരാബാദിൽ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന ഒവൈസി. 

''രേഖകളാണ് അവര്‍ക്ക് കാണേണ്ടതെങ്കില്‍ അവര്‍ക്ക് എന്‍റെ നെഞ്ച് കാണിക്കാം. അവരോട് വെടിവയ്ക്കാന്‍ ആവശ്യപ്പെടും. എന്‍റെ ഹൃദയത്തിലേക്ക് വെടിവയ്ക്കണം. കാരണം എന്‍റെ ഹൃദയത്തില്‍ എന്‍റെ രാജ്യത്തോടുള്ള സ്നേഹമാണ് ഉള്ളത്. ഞങ്ങളുടെ പേര് മാത്രം മതി ഈ രാജ്യത്തോടുള്ള ഞങ്ങളുടെ സ്നേഹം പ്രകടമാക്കാന്‍. ജങ്ങളുടെ പൂര്‍വ്വികരുടെ പാരമ്പര്യം മതി ഞങ്ങളുടെ രാജ്യത്തോടുള്ള സ്നേഹം വ്യക്തമാകാന്‍.'' ഒവൈസി പറഞ്ഞു. 

ബിജെപിയോട് ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ ഭരണം ഞങ്ങള്‍ മുസ്ലീംകളില്‍ നിന്ന് മരണ ഭയം നീക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിവയ്ക്കണമെന്ന് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ജാമിയ വിദ്യാര്‍ത്ഥികള്‍ക്കും ഷഹീന്‍ ബാഗിലെ പ്രതിഷേധകര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. 

click me!