ആരോപണങ്ങള്‍ അവസാനിക്കാതെ ദില്ലി; ആര് അധികാരത്തിലേറും? ഫലമറിയാന്‍ ഒരു ദിനം

By Web TeamFirst Published Feb 10, 2020, 12:27 AM IST
Highlights

ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിങ് തുണയാകുമെന്നാണ് ആം ആദ്മി ക്യാപിന്‍റെ കണക്കുകൂട്ടല്‍

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. തർക്കത്തിനൊടുവിൽ പോളിംഗ് കണക്കുകൾ ഞായറാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരായ സമരത്തിന്‍റെ ഗതിയില്‍ ദില്ലി ഫലം നിർണ്ണയാകമായേക്കും.

ദില്ലി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വങ്ങള്‍ കൂട്ടിയും കിഴിച്ചും മുന്നോട്ടുപോകുകയാണ്. അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ ദില്ലിയിലെ പോളിങ് ശതമാനം 62.59 ആണ്. ബിജെപി തൂത്തുവാരിയ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ടു ശതമാനം വോട്ട്  കൂടി. എന്നാല്‍ കെജ്രിവാള്‍ തരംഗം ആഞ്ഞടിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തിന്‍റെ കുറവ്. ഇത് ആര്‍ക്ക് അനുകൂലമാകുമെന്നതാണ് ഇന്നത്തെ പ്രധാന ചര്‍ച്ച.

ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിങ് തുണയാകുമെന്നാണ് ആം ആദ്മി ക്യാപിന്‍റെ കണക്കുകൂട്ടല്‍. ബല്ലിമാരനില്‍ 71.6 ശതമാനം വോട്ടാണ് പോള്‍  ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്‍റെ കേന്ദ്ര ബിന്ദുവായ ഷഹീന്‍ ബാഗ് നില്‍ക്കുന്ന ഓഖ്ലയില്‍ 58.84 ശതമാനവും. സീലം പൂരില്‍ 71.22 ശതമാനമാണ് പോളിംഗ്.

എക്സിറ്റ് പോളുകളെ തള്ളുന്ന ബിജെപി അട്ടിമറിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചതിരിഞ്ഞ് പോള്‍ ചെയ്തത് ബിജെപി വോട്ടുകളെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീന്‍ ബാഗ് പ്രതിഷേധം ബിജെപിയുടെ പ്രധാന ചര്‍ച്ചയാക്കിയിരുന്നു. ഹിന്ദു വോട്ടുകളുടെ ഏകീകരണമായിരുന്നു ലക്ഷ്യം. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഫലം ഷഹീന്‍ ബാഗ് സമരത്തിനും നിര്‍ണായകമാകുമെന്നുറപ്പാണ്.

കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. വോട്ടിങ് മിഷീനില്‍ ബിജെപി കൃത്രിമം നടത്താനിടയുണ്ടെന്ന ആം ആദ്മി ആരോപണത്തെത്തുടര്‍ന്ന് സ്ട്രോങ് റൂമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. പതിനൊന്നു മണിയോടെ ദില്ലിയുടെ ചിത്രം വ്യക്തമാകും.

click me!