
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും ജനവിശ്വാസം വർധിപ്പിച്ച് അരവിന്ദ് കെജ്‍രിവാൾ. ഒരിക്കൽ കൂടി 60 ലേറെ സീറ്റുകളിൽ വിജയം നേടാനായത് ആം ആദ്മി പാർട്ടിയുടെ വികസന നയങ്ങൾ ജനം നെഞ്ചേറ്റിയതിന്റെ തെളിവ് കൂടിയായി. കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് എട്ട് സീറ്റിലേക്ക് ഉയർന്നെങ്കിലും തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. വീണ്ടും അരവിന്ദ് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും.
ആംആദ്മി പാർട്ടിക്ക് ആകെ പോൾ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചു. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്‌പിയാണ് വോട്ട് നിലയിൽ നാലാം സ്ഥാനത്ത്.
അതേസമയം അരവിന്ദ് കെജ്‍രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയുടെ ജനങ്ങളുടെ അഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ദില്ലിയെ ലോകോത്തര നഗരമാക്കി മാറ്റുന്നതിന് കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. ദില്ലിയില്‍ ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് വര്‍ധിപ്പിക്കാനായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം പ്രചാരണത്തില്‍ സജീവമായെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല.
അതേസമയം ദീർഘകാലം ദില്ലി ഭരിച്ച കോൺഗ്രസിന് ഇക്കുറിയും സീറ്റൊന്നും ലഭിച്ചില്ല. ഷീല ദീക്ഷിതിന്റെ അസാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇക്കുറി കോൺഗ്രസിനുണ്ടായിരുന്നു. ആം ആദ്മി പാർട്ടി വിട്ടുവന്ന അൽക ലാംബ അടക്കമുള്ള എല്ലാ സ്ഥാനാർത്ഥികളും പരാജയം രുചിച്ചു. എഎപിക്കും അരവിന്ദ് കെജ്‍രിവാളിനും എന്‍റെ അഭിനന്ദനവും ആശംസകളും അറിയിച്ച് രാഹുല്‍ ട്വീറ്റ് ചുരുക്കി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദില്ലി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവയ്ക്കുകയും ചെയ്തു.
അതിനിടെ ഇക്കുറി ദില്ലിയിൽ പോരാട്ടത്തിനിറങ്ങിയ സിപിഎമ്മിന്, ദേശീയ പാർട്ടിയെന്ന പ്രാധാന്യം പോലും ഭാരമായ നിലയിലായിരുന്നു. ബദര്‍പുര്‍, കാരാവാള്‍ നഗര്‍, വസീര്‍പുര്‍ എന്നിവിടങ്ങളിൽ മത്സരിച്ച സിപിഎമ്മിന് ഒരിടത്തും വോട്ട് 500 ലേക്ക് എത്തിക്കാനായില്ല. മൊത്തം വോട്ട് വിഹിതത്തിന്റെ 0.01 ശതമാനമാണ് സിപിഎമ്മിന്റെ പെട്ടിയില്‍ വീണത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ തമ്മിൽ ഭേദമെന്ന ഖ്യാതി നേടി.
പൗരത്വ നിയമ ഭേദഗതിയടക്കം ആയുധമാക്കി മോദിയും സംഘവും നടത്തിയ ശക്തമായ പ്രചാരണത്തിനും പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാൻ സാധിച്ചില്ല. എന്നാൽ നേരിയ തോതിൽ സീറ്റ് കൂട്ടാനായി എന്നതാണ് ബിജെപിയെ സംബന്ധിച്ച ചെറിയ ആശ്വാസം. ബിജെപിയുടെ ധ്രുവീകരണ തന്ത്രം കെജ്രിവാളിന്റെ പ്രാദേശിക വികസന രാഷ്ട്രീയത്തിന് മുന്നിൽ പൊളിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ റാലികളിൽ 35 ഇടങ്ങളിൽ അമിത് ഷാ നേരിട്ടെത്തിയിരുന്നു. രണ്ട് കൂറ്റൻ റാലികളിൽ പ്രധാനമന്ത്രി മോദിയും നേരിട്ടെത്തി. 200 എംപിമാരെ രംഗത്തിറക്കി. വീടുകൾ തോറും കയറിയിറങ്ങി അമിത് ഷാ അടക്കം പ്രചാരണം നടത്തി. ഉത്തർപ്രേദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ പ്രചാരണ റാലികളിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. എന്നിട്ടും അധികമായി ആകെ കിട്ടിയത് അഞ്ച് സീറ്റുകൾ മാത്രം. തെരഞ്ഞെടുപ്പ് വിജയം അരവിന്ദ് കെജ്രിവാളിന്റെയും അദ്ദേഹത്തിന്റെ വികസന നയങ്ങളുടെയും പ്രസക്തി വർധിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam