
ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കുരുക്ക് മുറുകുന്നു. മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും മനീഷ് സിസോദിയക്കെതിരെ കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി. സിബിഐ കേസിലെ മറ്റ് പ്രതികളെ ഇഡിയും കേസില്‍ പ്രതി ചേർത്തിട്ടുണ്ടെന്നാണ് സൂചന. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്.
2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസെടുത്തത്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു.
എന്താണ് ദില്ലി മദ്യ നയ കേസ് ?
എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.