
ബംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രത്തിൽ പോയി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള ബിജെപിയുടെ ആക്രമണത്തിൽ പ്രതികരിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താൻ അന്ന് മാംസം കഴിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. എന്ത് ഭക്ഷണം കഴിക്കണം എന്നത് ഓരോരുത്തരുടെ അവകാശമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ആഗസ്റ്റ് 18 ന് കുടക് സന്ദർശനത്തിനിടെ കൊഡ്‌ലിപേട്ടിലെ ബസവേശ്വര ക്ഷേത്രത്തിൽ സിദ്ധരാമയ്യ പ്രവേശിച്ചത് മാംസാഹാരം കഴിച്ചാണെന്ന് ബിജെപി ആരോപിക്കുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.
"മാംസം കഴിക്കുന്നത് പ്രശ്‌നമാണോ? ഞാൻ മാംസവും സസ്യാഹാരവും കഴിക്കുന്നു, അത് എന്റെ ശീലമാണ്. ചിലർ മാംസം കഴിക്കുന്നില്ല, അത് അവരുടെ ഭക്ഷണശീലമാണ്," സിദ്ധരാമയ്യ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബിജെപിക്ക് വേറെ പണിയൊന്നുമില്ലെന്നും പ്രധാന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
"എന്റെ അഭിപ്രായത്തിൽ അതൊന്നും ഒരു പ്രശ്നമല്ല. പലരും മാംസം കഴിക്കാതെ പോകുന്നു, പലരും ഭക്ഷണം കഴിച്ചു പോകുന്നു. പലയിടത്തും ദേവതകൾക്ക് മാംസം നിവേദിക്കുന്നു. സത്യം പറഞ്ഞാൽ ഞാൻ അന്ന് മാംസം കഴിച്ചിരുന്നില്ല. ഒരു തർക്കത്തിനാണ് ഞാൻ കഴിച്ചെന്ന് പറഞ്ഞത്. ചിക്കൻ കറി ഉണ്ടായിരുന്നെങ്കിലും മുള കറിയും റൊട്ടിയും മാത്രമാണ് ഞാൻ കഴിച്ചത്," അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു നോൺ വെജിറ്റേറിയനാണെന്നും അത് തന്റെ ഭക്ഷണശീലമാണെന്നും ക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് എന്താണ് കഴിക്കേണ്ടതെന്നും എന്ത് കഴിക്കരുതെന്നും ദൈവം പറഞ്ഞിട്ടുണ്ടോയെന്നും ഞായറാഴ്ച ചോദിച്ചതാണ് സിദ്ധരാമയ്യയെ പ്രതിരോധത്തിലാക്കിയത്. മാംസം കഴിച്ച ശേഷം ക്ഷേത്രം സന്ദർശിച്ചുവെന്ന സിദ്ധരാമയ്യയുടെ പരാമർശം കോൺഗ്രസിനെ ആക്രമിക്കാൻ ഭരണകക്ഷിയായ ബിജെപി ഏറ്റെടുക്കുകയായിരുന്നു. ''പന്നിയിറച്ചി കഴിച്ച് പള്ളിയിൽ പോകൂ'' എന്നാണ് ബിജെപി എംഎൽഎ ബസഗൗഡ പട്ടീൽ യത്നാൽ, സിദ്ധരാമയ്യയെ വെല്ലുവിളിച്ചത്.
ഈ വെല്ലുവിളികളോടും ആക്രമണങ്ങളോടും പ്രതികരിച്ചുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു: "ഞാൻ ചിക്കനും ആട്ടിറച്ചിയും മാത്രമേ കഴിക്കൂ, മറ്റ് മാംസം (പന്നിയിറച്ചി അല്ലെങ്കിൽ ബീഫ്) കഴിക്കില്ല. എന്നാൽ അത് കഴിക്കുന്നവരെ ഞാൻ എതിർക്കുന്നില്ല, കാരണം അത് അവരുടെ ഭക്ഷണശീലമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേത്രങ്ങളും മറ്റും സന്ദർശിച്ച് നാടകം കളിക്കുകയാണെന്ന സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവനയോട് പ്രതികരിച്ച സിദ്ധരാമയ്യ, താൻ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടെന്നും ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്നുവെന്നും പറഞ്ഞു.
"ഞാൻ ക്ഷേത്രങ്ങളിൽ പോകും, പക്ഷേ ഞാനത് എന്റെ തൊഴിലാക്കിയിട്ടില്ല, ഞാൻ എന്റെ ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ പോകും. ഞാൻ എന്തിന് കശ്മീരിലോ മറ്റെവിടെയെങ്കിലുമോ ദൈവത്തെ അന്വേഷിക്കണം? ഞാൻ പലതവണ തിരുപ്പതിയിലും മഹാദേശ്വര കുന്നുകളിലും പോയിട്ടുണ്ട്, ചാമുണ്ഡി കുന്നുകൾ, നഞ്ചനാഗു ക്ഷേത്രം, ഞാൻ എല്ലായിടത്തും പോകും" അദ്ദേഹം പറഞ്ഞു.