
ദില്ലി: ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഫോടനം നടന്നയുടൻ നിരവധി ആംബുലൻസുകളിൽ പരിക്കേറ്റവരെ 2 കിലോമീറ്ററിന് ഉള്ളിലുള്ള എൽഎൻജെപി ആശുപത്രിയിലേക്കാണ് എത്തിച്ചത്. ആശുപത്രി നൽകിയ വിവരം അനുസരിച്ച് 20 പേരാണ് പരിക്കേറ്റ് ചികിത്സയിൽ ഉള്ളത്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട എട്ടു പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. യുപി സ്വദേശികളായ അശോക് കുമാർ, ലോകേഷ് അഗർവാൾ എന്നിവരുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിച്ചു.സുഹൃത്തും ബസ് ഡ്രൈവറുമായ അശോകിനെ കാണാൻ ലോകേഷ് മെട്രോ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് സ്ഫോടനം നടന്നത്. യുപി മീററ്റ് സ്വദേശിയായ മൊഹ്സിൻ ചെങ്കോട്ടയിൽ ഇലക്ട്രിക് റിക്ഷ ഓടിക്കുന്നതിനിടെയാണ് സ്ഫോടനത്തിനിരയായത്. ഇന്നലെ വൈകിട്ട് ആറിന് വീട്ടിലേക്ക് വിളിച്ച് താൻ എത്തുന്നു എന്ന് അറിയിച്ച ശേഷമായിരുന്നു സ്ഫോടനം ഉണ്ടായത്.
സാധനങ്ങൾ വാങ്ങാൻ ചാന്ദിനി ചൗക്കിൽ എത്തിയ യുപി ശ്യാംലി സ്വദേശിയായ റുമാൻ ബന്ധുക്കൾക്ക് ഇനി കണ്ണീർ ഓർമ്മയാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ബീഹാർ സ്വദേശി പങ്കജ് സൈനി ഒരു ബന്ധുവിനെ വിളിക്കാൻ വന്നപ്പോഴാണ കൊല്ലപ്പെട്ടത്. ഇതിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജുമാന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും വിട്ടുനൽകുന്നില്ലെന്ന പരാതിയും ഉണ്ട്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നവയിൽ ചിലത് മൃതദേഹ ഭാഗങ്ങൾ മാത്രമാണ്. ഇവ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം നടത്തേണ്ടി വരും.