10 ദിവസത്തിനകം തീരുമാനം വേണം, പൊതുമേഖലാ ജോലികളിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് സംവരണം നടപ്പാക്കുന്നതിൽ ദില്ലി സർക്കാർ പരാജയമെന്ന് ഹൈക്കോടതി

Published : Oct 07, 2025, 02:42 PM IST
Delhi high court Transgender

Synopsis

ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രായത്തിലും യോഗ്യതയുടെ അടിസ്ഥാനത്തിലും ഇളവ് നൽകിക്കൊണ്ടുള്ള 2021-ലെ വിജ്ഞാപനം പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ 10 ദിവസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

ദില്ലി: ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് പൊതുമേഖല ജോലികളിൽ സംവരണം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാർ വരുത്തിയ കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തി ദില്ലി ഹൈക്കോടതി. പൊതുമേഖലാ ജോലികളിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് സംവരണം നടപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംവരണ നയം നടപ്പാക്കാത്തതിനെ തുടർന്ന് കോടതി ഈ വിഷയം പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാൻ തീരുമാനിച്ചു.  ട്രാൻസ്ജെൻഡർ വ്യക്തി ഹൈക്കോടതിയിലെ കോർട്ട് അറ്റൻഡന്‍റ് തസ്തികയിലേക്കുള്ള നിയമനത്തിനായി സംവരണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപധ്യായ, ജസ്റ്റിസ് തുഷർ റാവു ഗഡേല എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനെ വിമർശിച്ചത്.

ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രായത്തിലും യോഗ്യതയുടെ അടിസ്ഥാനത്തിലും ഇളവ് നൽകിക്കൊണ്ടുള്ള 2021-ലെ വിജ്ഞാപനം പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ 10 ദിവസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം സംബന്ധിച്ച വിഷയമായതുകൊണ്ട് ഇതൊരു പൊതുതൽപര്യ ഹർജിയായി കണക്കാക്കുന്നുവെന്ന് കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കോടതി പറഞ്ഞു. ഈ വിഷയത്തിൽ വിപുലമായ തീർപ്പ് ആവശ്യമായി വരുമെന്നതിനാൽ കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം സെക്രട്ടറിയേയും, ഡൽഹി സർക്കാരിന്‍റെ സാമൂഹ്യക്ഷേമ വകുപ്പിനെയും കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു.

ട്രാൻസ്ജെൻഡർ വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോട്ടു കൊണ്ടുവരുന്നതിനായി പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ സംവരണം നൽകാൻ 2014-ലെ 'നൽസ' വിധിയിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതുവരെ പൊതു തൊഴിലിന്‍റെ കാര്യത്തിൽ അത്തരമൊരു നയപരമായ തീരുമാനം സ‍ർക്കാർ എടുത്തിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 2021-ലെ വിജ്ഞാപനത്തിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് പ്രായത്തിൽ 5 വർഷത്തെയും, യോഗ്യത മാർക്കുകളുടെ 5 ശതമാനത്തിന്‍റെ ഇളവുകൾ നൽതിയിരുന്നുവെങ്കിലും സംവരണം ഏർപ്പെടുത്തിയിരുന്നില്ല. ഈ ഇളവുകൾ പോലും പലർക്കും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. പ്രായത്തിലും, യോഗ്യത മാർക്കുകളിലുമുള്ള ഇളവുകൾ നൽകിയാൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒരു മാസത്തേക്ക് നീട്ടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി
ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍