
ദില്ലി: ജാമിയ മിലിയ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. പൊലീസിനും കോടതി നോട്ടീസയച്ചു. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലാണ് വിശദീകരണം തേടി നോട്ടീസയച്ചിരിക്കുന്നത്.
ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി നാലിലേക്ക് മാറ്റി. ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ കോടതിയില്‍ ബഹളം വച്ചു. ഷെയിം ഷെയിം മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയായിരുന്നു അഭിഭാഷകര്‍. വിദ്യാര്‍ത്ഥികളെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് മാറ്റിവച്ചത്.
ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമം അഴിച്ചുവിടും മുമ്പ് പൊലീസ് അറിയിപ്പൊന്നും നല്കിയിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ലൈബ്രറിയിലിരുന്ന് പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു പോലും മര്‍ദ്ദനമേറ്റിട്ടുണ്ടെങ്കില്‍ അത് കോടതി ഇടപെടേണ്ട വിഷയമാണ്. ഏതൊക്കെ പൊലീസ് സ്റ്റേഷനുകള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയില്ല. ആരൊക്കെ സര്‍വ്വകലാശാലയ്ക്കുള്ളില്‍ കടന്നെന്നും അറിയില്ല. ഇതൊക്കെ അന്വേഷിക്കേണ്ടതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ആരാണ് അക്രമം തുടങ്ങിവച്ചതെന്ന് അന്വേഷിക്കേണ്ടത് അനിവാര്യവും അത്യാവശ്യവുമാണെന്നും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam