പൗരത്വനിയമം: ഗുജറാത്തിലും യുപിയിലും പ്രതിഷേധം, ലക്നൗവില്‍ ബസ് കത്തിച്ചു

By Web TeamFirst Published Dec 19, 2019, 3:49 PM IST
Highlights

ലക്നൗ നഗരത്തിലെ ഓള്‍ഡ് സിറ്റി മേഖലയിലാണ് പ്രതിഷേധം അണപൊട്ടിയത്. പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് ഇവിടെ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു


ലക്നൗ/അഹമ്മദാബാദ്: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുന്നു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിലും ഗുജറാത്തിലെ അഹമ്മദാബാദിലും പൗരത്വബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. രണ്ടിടത്തും പൊലീസ് ലാത്തിചാര്‍ജ് നടത്തി. ലക്നൗവില്‍ പൊലീസ് നടപടിക്ക് പിന്നാലെ സമരക്കാര്‍ ഒരു ബസും കത്തിച്ചു. 

പൗരത്വബില്ലിനെതിരായി ലൗക്നവില്‍ നടന്ന പ്രതിഷേധം വന്‍സംഘര്‍ഷത്തിലാണ് അവസാനിച്ചത്. പൊലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ യുപി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസടക്കം നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ഒരു പൊലീസ് ഔട്ട് പോസ്റ്റ് കത്തിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി പ്രതിഷേധക്കാരെ വിരട്ടിയോടിക്കുകയും ചെയ്തു. 

ലക്നൗ നഗരത്തിലെ ഓള്‍ഡ് സിറ്റി മേഖലയിലാണ് പ്രതിഷേധം അണപൊട്ടിയത്. പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് ഇവിടെ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.  ലൗക്നോ കൂടാതെ ദില്ലി-യുപി അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സംമ്പാലില്‍ ഇതിനോടകം ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. ക്രമസമാധാനനില പുനസ്ഥാപിച്ച ശേഷമേ സംമ്പലില്‍ ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിക്കൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 

ഗുജറാത്തിലെ അഹമ്മബാദിലും പൗരത്വബില്ലിനെതിരെ ശക്തമായ പ്രതിഷേധസമരമാണ് അരങ്ങേറിയത്. പ്രതിഷേധം പൊലീസ് തടയുകയും പിന്നീട് ലാത്തി ചാര്‍ജ് നടത്തി പ്രതിഷേധക്കാരെ ഓടിച്ചു വിടുകയും ചെയ്തു. 
 

click me!