ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ജൻ സുരാജ് പാർട്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുകയാണെന്ന് വിമർശിച്ച കോടതി, മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു

ദില്ലി: ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിൽ ജനം തിരസ്‌കരിച്ച ശേഷം പ്രശസ്തിക്കായി പ്രശാന്ത് കിഷോറിന്റെ പാർട്ടി കോടതിയെ ഉപയോഗിക്കുകയാണെന്ന നിശിത വിമർശനം സുപ്രീം കോടതി ഉന്നയിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വനിതകൾക്ക് 10,000 രൂപ വീതം കൈമാറിയത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്നായിരുന്നു പ്രശാന്ത് കിഷോർ രൂപീകരിച്ച ജൻ സുരാജ് പാർട്ടിയുടെ പ്രധാന വാദം. എന്നാൽ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് എത്ര വോട്ട് കിട്ടിയെന്ന് കേസ് പരിഗണിച്ച കോടതി തിരിച്ച് ചോദിച്ചു. ആവശ്യമെങ്കിൽ മാതൃക പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് പാറ്റ്ന ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. തുടർന്ന് ജൻ സുരാജ് പാർട്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിച്ചു.