കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ദില്ലി; സ്കൂളുകള്‍ തുറക്കില്ല, രാത്രി കര്‍ഫ്യൂ തുടരും

By Web TeamFirst Published Jan 27, 2022, 2:48 PM IST
Highlights

വാരാന്ത്യ കർഫ്യൂ പിൻവലിച്ചു.  കടകൾ തുറക്കുന്നതിനുള്ള ഒറ്റ - ഇരട്ട നിയന്ത്രണം ഒഴിവാക്കി. രാത്രി കാല കർഫ്യു തുടരും. സ്‌കൂളുകൾ അടഞ്ഞു കിടക്കും

കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ദില്ലിയിൽ (Delhi) പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്. വാരാന്ത്യ കർഫ്യൂ (Weekend Curfew) പിൻവലിച്ചു.  കടകൾ തുറക്കുന്നതിനുള്ള ഒറ്റ - ഇരട്ട നിയന്ത്രണം ഒഴിവാക്കി. രാത്രി കാല കർഫ്യു തുടരും. സ്‌കൂളുകൾ അടഞ്ഞു കിടക്കും. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകള്1ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം. രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള് കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ദില്ലി സര്‍ക്കാരും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയുടേതാണ് തീരുമാനം.

വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50 ല്‍ നിന്ന് 200ആയി ഉയര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ 5 വരെയുള്ള കര്‍ഫ്യൂവിന് മാത്രം മാറ്റമുണ്ടാകില്ല. സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിലെ ആശങ്ക നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രകടിപ്പിച്ചിരുന്നുവെങ്കിലും തുറക്കുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനം ആയിട്ടില്ല. കൊവിഡ് കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും ദില്ലിയില്‍ കുറവ് വന്നിരുന്നു. കൊവിഡ് കേസുകൾ നിയന്ത്രണ വിധേയമായതായി ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചിരുന്നു. 

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്. എന്നാൽ മരണസംഖ്യ തുടർച്ചയായി രണ്ടാം ദിവസവും 500 ന് മുകളിലെത്തി. 2,86,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 573 പേർ മരണമടഞ്ഞു. ടിപിആർ 19.59% ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കർണാടകയിൽ 48,905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 35,756  ഉം തമിഴ്നാട്ടിൽ 29,976 പേരും കൊവിഡ് ബാധിതരായി. അതേസമയം ബൂസ്റ്റർ ഡോസ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാലോചന നടത്തുകയാണ്. ബൂസ്റ്റർ ഡോസ് എല്ലാവർക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം.

വിഷയത്തിൽ  കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് വാക്സീൻ നൽകിയാൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നതിൽ തെളിവില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. മറ്റ് പല രാജ്യങ്ങളും ഇതിനോടകം ബൂസ്റ്റർ വാക്സീൻ നൽകിയിട്ടുണ്ടെങ്കിലും ഒമിക്രോണിനെ പ്രതിരോധിക്കാൻ അതിന് സാധിച്ചിട്ടില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർക്ക് കരുതൽ ഡോസ് നൽകുന്നത് തുടരാമെന്നാണ് കേന്ദ്ര തീരുമാനം.

click me!