തബ്‌ലീഗി ജമായത്ത് കൊവിഡ് 19 വ്യാപനത്തിന് കാരണമായതിന് പിന്നില്‍ പൊലീസ്, ഉദ്യോഗസ്ഥതല അനാസ്ഥയെന്ന് സൂചന

By Web TeamFirst Published Apr 1, 2020, 9:14 AM IST
Highlights

വിദേശത്ത് നിന്ന് എത്തിയ 824 പേര്‍ ദില്ലിയിലെ നിസാമുദ്ദീന്‍ മര്‍കസ് സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാരിന് മാര്‍ച്ച് 21 ന് അറിയിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ദില്ലിയിലും മറ്റ് സംസ്ഥാനങ്ങളും ഇവര്‍ സന്ദര്‍ശിച്ച വിവരവും നേരത്തെ തന്നെ അറിയിച്ചെങ്കില്‍ കൂടിയും ദില്ലി പൊലീസ്, ദില്ലി സര്‍ക്കാര്‍ എന്നിവരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് വിവരം

ദില്ലി: പൊലീസിന്‍റേയും സര്‍ക്കാരിന്‍റെയും ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ദില്ലിയില്‍ നടന്ന തബ്‌ലീഗി ജമായത്ത് നിരവധി പേരിലേക്ക് കൊറോണ വൈറസ് പടരാന്‍ കാരണമായതെന്ന് സൂചന. വിദേശത്ത് നിന്ന് എത്തിയ 824 പേര്‍ ദില്ലിയിലെ നിസാമുദ്ദീന്‍ മര്‍കസ് സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാരിന് മാര്‍ച്ച് 21 ന് അറിയിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ദില്ലിയിലും മറ്റ് സംസ്ഥാനങ്ങളും ഇവര്‍ സന്ദര്‍ശിച്ച വിവരവും നേരത്തെ തന്നെ അറിയിച്ചെങ്കില്‍ കൂടിയും ദില്ലി പൊലീസ്, ദില്ലി സര്‍ക്കാര്‍ എന്നിവരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്. 

ഇന്തോനേഷ്യ, തായ്ലന്‍ഡ്. നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തബ്‌ലീഗി ജമായത്തുമായി ബന്ധപ്പെട്ട് നിസാമുദ്ദാന്‍ മര്‍കസ്  സന്ദര്‍ശിച്ചിരുന്നു. ഹസ്റസ് നിസാമുദീനിലെ ബാംഗിള്‍വാലി മോസ്കിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിദേശത്ത് നിന്ന് എത്തിയവരുടെ വിവരങ്ങള്‍ ദില്ലി പൊലീസിന് മാര്‍ച്ച് 21 കൈമാറിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കുന്നു. ഇവരെ കൃത്യ സമയത്ത് കണ്ടെത്താനോ ക്വാറന്‍റൈന്‍ ചെയ്യാനോ ദില്ലി പൊലീസിന് സാധിച്ചില്ല. പത്ത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് തബ്‌ലീഗി ജമായത്ത് സംഘാടകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി പൊലീസിന്‍റെ ക്രൈം ബ്രാഞ്ച് വിഭാഗം തയ്യാറായത്. 

കോവിഡ് 19 സംക്രമണം : ദില്ലി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണബാധിച്ചത് എങ്ങനെ?

എന്നാല്‍ പരിപാടിയെക്കുറിച്ചും പങ്കെടുക്കുന്ന ആളുകളെക്കുറിച്ചും ദില്ലി സര്‍ക്കാരിനേയും ദില്ലി പൊലീസിനേയും അറിയിച്ചിരുന്നുവെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്നാണ് മര്‍കസ് വക്താവ് വിശദമാക്കുന്നത്. ഇതും വിരല്‍ ചൂണ്ടുന്നത് പൊലീസിന്‍റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിലേക്കാണ്. മുസ്ലിംകളിൽ മതവിശ്വാസം ഊട്ടിയുറപ്പിക്കാൻ പ്രയത്നിക്കുന്ന ഒരു ഇസ്ലാമിക പുനരുത്ഥാനപ്രസ്ഥാനമാണ് തബ്‌ലീഗി ജമായത്ത്. ഇത്തരത്തിലുള്ള സമ്മേളനങ്ങളിൽ ജനങ്ങളെ ഒന്നിച്ചു കൂട്ടി, പ്രഭാഷണങ്ങൾ നടത്തി അവരെ മതത്തിന്റെ, അടിയുറച്ച വിശ്വാസത്തിന്റെ പാതയിലേക്ക് തിരികെ നടത്തിക്കുക എന്നതാണ് അവരുടെ പ്രധാന കാര്യപരിപാടികളിൽ ഒന്ന്. 

ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്ന് ഈ പ്രബോധനപരിപാടിക്കെത്തിയവർ തിരികെ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഈറോഡ്, കരിം നഗർ എന്നിവിടങ്ങളിലെ മോസ്കുകളിൽ തുടർന്നും പ്രവർത്തിക്കാൻ ഉറപ്പിച്ച് ചില വിദേശ മതപണ്ഡിതർ പരിപാടിക്ക് ശേഷവും ഇന്ത്യൻ മണ്ണിൽ തുടർന്നു. കിർഗിസ്ഥാൻ, തായ്‌ലൻഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അമ്പതോളം പണ്ഡിതർ പരിപാടിയിൽ സംബന്ധിച്ച ശേഷവും ഇങ്ങനെ ഇന്ത്യയിൽ തുടർന്നിരുന്നു.

click me!