
ദില്ലി: വോട്ട് ചോരി ആരോപണം ഉയർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്‍റെ സുപ്രീം കോടതിയിലേക്കുള്ള 'ദില്ലി ചലോ' മാർച്ച് സംഘർഷഭരിതം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ, ബാരിക്കേഡുകൾ നിരത്തി പൊലീസ് പ്രതിഷേധം തടഞ്ഞതോടെയാണ് രാജ്യ തലസ്ഥാനം വീണ്ടും സംഘർഷഭരിതമായത്. പ്രവർത്തകർ ബാരിക്കേഡ് തള്ളിനീക്കിയും മുകളിൽ കയറിയും പ്രതിഷേധിക്കാൻ നോക്കിയെങ്കിലും നേതാക്കൾ സംയമനം പാലിക്കാൻ നിർദ്ദേശിച്ചു. ബാരിക്കേഡിന് അടുത്തേക്ക് വന്നവരെ ബലം പ്രയോഗിച്ച് പൊലീസ് തള്ളിമാറ്റി. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരോട് ശാന്തരാകാൻ നിർദ്ദേശിച്ച നേതാക്കൾ, സംഘർഷം വേണ്ടെന്ന സന്ദേശവും നൽകി. എന്നാൽ പലയിടത്തും പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫുട് പാത്തിൽ നിന്നവരെയടക്കം പൊലീസ് ഒഴിപ്പിക്കാൻ നോക്കിയതോടെ സംഘർഷാവസ്ഥ ശക്തമായിട്ടുണ്ട്. പ്രതിഷേധക്കാരെ വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള ശ്രമവും പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
അതേസമയം സുപ്രീം കോടതിയി മാർച്ചിനിടെ ഗ്യാനേഷിനെതിരെ രാഹുൽ ഗാന്ധി ഹർജി നൽകി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്. എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും ദില്ലി ചലോ മാർച്ചിൽ അണിനിരക്കുന്നുണ്ട്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേതാക്കൾക്കൊപ്പം ആയിരക്കണക്കിന് പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam