മറുനീക്കം ശക്തമാക്കി ബിജെപി, കോൺഗ്രസ് എംപിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതി ആയുധം; എഐസിസി ആസ്ഥാനത്തേക്ക് മാർച്ച്

Published : Oct 12, 2026, 05:49 PM IST
Bimol Akoijam

Synopsis

ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ജവഹർലാൽ നെഹ്റു സർവ്വകലാശാല പുറത്താക്കിയ കോൺഗ്രസ് എംപി ബിമോല്‍ അക്കോയിജത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. രാഹുല്‍ ഗാന്ധിയുടെ മൗനം സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പിൻ്റെ തെളിവാണെന്ന് ബിജെപി വിമർശിച്ചു.

ദില്ലി: 11 വിദ്യാര്‍ത്ഥിനികൾ നൽകിയ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ജവഹർലാൽ നെഹ്റു സർവ്വകലാശാല പുറത്താക്കിയ അധ്യാപകനും കോൺഗ്രസ് എംപിയുമായ ബിമോല്‍ അക്കോയിജത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മൗനം സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പിൻ്റെ തെളിവാണെന്ന് ബിജെപി വിമർശിച്ചു. ബിമോലിനെ കോൺഗ്രസ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ എഐസിസി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷമായി.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം ശക്തമാകുമ്പോഴാണ് ബിമോല്‍ അക്കോയിജത്തിനെതിരായ ആരോപണം ഉയർത്തി ബിജെപി മറുനീക്കം ശക്തമാക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കപട നിലപാടാണെന്ന് ദില്ലിയിൽ വാർത്താ സമ്മേളനം നടത്തിയ ബിജെപി നേതാക്കളായ ബാരിസുരി സ്വരാജ് , സുധാന്‍ഷു ത്രിവേദി എന്നിവർ ആരോപിച്ചു. കഴിഞ്ഞ മെയ് മാസം മുതല്‍ ഈ ആരോപണങ്ങള്‍ നിലവിലുണ്ടായിട്ടും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയോ സോണിയാ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കുകയോ എംപിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യാൻ തയ്യാറായിട്ടില്ല. കുറ്റാരോപിതനെ സംരക്ഷിക്കുന്നതിന് തുല്യമാണിതെന്നും ബിജെപി ആരോപിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് 11 വിദ്യാർത്ഥികളുടെ പരാതിയിന്മേൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിനു കീഴിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലെ അധ്യാപകനും ഇന്നർ മണിപ്പുരിൽ നിന്നുള്ള എംപിയുമായ അൻഗോംച ബിമൊൽ അക്കോയിജാമിനെ സർവകലാശാല പുറത്താക്കിയത്. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഒരു മാസം മുൻപാണ് അക്കോയിജാമിനെതിരെ വിദ്യാർഥിനികൾ ഐസിസിക്ക് പരാതി നൽകിയത്. ക്യാംപസിൽ താമസിക്കുന്ന ബിമോ വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗിക താൽപര്യത്തോടെ സമീപിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ക്ലാസിൽ അശ്ലീലം നിറഞ്ഞതും അനാവശ്യവുമായ പരാമർശങ്ങൾ അക്കോയിജാം നടത്തിയിരുന്നതായും ചില പരാതികളിലുണ്ട്. എന്നാൽ, ആരോപണങ്ങൾ അക്കോയിജാം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു മഹിള മോർച്ച പ്രവർത്തകരുടെ എഐസിസി മാർച്ച്. എഐസിസി ആസ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ മാർച്ചിനെ പ്രതിരോധിക്കാൻ ശ്രമിച്ചതോടെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കപടമുഖം തുറന്നുകാട്ടുമെന്നും എംപിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മഹിളാ മോർച്ച ദേശിയ പ്രസിഡൻ്റ് രൂപ് കുമാരി ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എംപിയെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ പ്രതിഷേധം തുടരുമെന്നും മഹിളാ മോർച്ച നേതാക്കൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം, ഗ്യാനേഷിനെതിരെ ഹർജി സമ‍ർപ്പിച്ച് രാഹുൽ ഗാന്ധി; തുറന്ന വാഹനത്തിൽ സുപ്രീം കോടതിയിലേക്ക് 'ദില്ലി ചലോ' മാർച്ച്
സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം, രാഹുലും പ്രിയങ്കയും നേഹ ബോറയും മുന്നിൽ; ഗ്യാനേഷിന്‍റെ രാജിക്കായി 'ദില്ലി ചലോ' പ്രതിഷേധം ജനസാഗരമായി ഇരമ്പുന്നു