
ദില്ലി: നാഷണല്‍ ഹെരാള്‍ഡ് കേസില്‍ ഇ.ഡി.ക്കു മുന്നില്‍ ഹാജരാകാനെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം കാല്‍നട ജാഥയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചുവെന്ന ആരോപണം തള്ളി ദില്ലി പോലീസ്. കെ.സി വേണുഗോപാൽ അടക്കം ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്പെഷ്യൽ കമ്മിഷ്ണർ ലോ ആൻഡ് ഓർഡർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. നിയമലംഘനമുണ്ടായപ്പോൾ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്.ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ഗാന്ധി ഇന്നും ഇ.ഡി. ക്കു മുന്നില്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ദില്ലി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി..ഇഡി ഓഫീസിന് ചുറ്റും സുരക്ഷ ശക്തമാക്കി. രാവിലെ വാഹനങ്ങൾ കടത്തിവിട്ട റോഡുകൾ അടച്ചു.എഐസിസി ഓഫീസിന് മുന്നിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.. ഇന്നലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 446 പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. . അനുമതിയുള്ള പ്രദേശങ്ങളിൽ മാത്രം പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്ന് ദില്ലി പോലീസ് അറിയിച്ചു
രാഹുല്‍ ഗാന്ധിയെ ഇന്നലെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍
നാഷണല്‍ ഹെറാള്‍ഡ് (National Herald Case) കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി (Rahul Gandhi) കഴിഞ്ഞ ദിവസം ഹാജരായത്.
ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്ത് രാത്രിയാണ് രാഹുലിനെ ഇഡി വിട്ടയച്ചത്.രണ്ടു റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലിൽ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലിൽ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടറായ രാഹുലിനെ ഇതിൽ നടന്ന പണമിടപാടുകളെയും നിക്ഷേപങ്ങളെയും കുറിച്ച് ധാരണയില്ലെന്ന എന്ന മറുപടി ഇ ഡി മുഖവിലയ്ക്ക് എടുത്തിട്ടില്ല.
കൂടാതെ അഞ്ച് ലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേർണലിനെ അൻപത് ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തു കേടായി ഇഡി കാണുന്നുണ്ട്. രാഹുലിൻ്റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇ ഡി പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള സെക്ഷൻ അൻപതിൻ്റെ അടിസ്ഥാനത്തിലാണ് രാഹുലിൻ്റെ മൊഴി രേഖപ്പെടുത്തിയത്.
ഇ ഡി യു ടെ അസിസ്റ്റൻ്റ് ഡയറക്ടർ പദവിയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. ഇന്നലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കേരളത്തിലെ എംപിമാരടക്കമുള്ള നേതാക്കളെയും രാത്രി വൈകിയാണ് ദില്ലി പോലീസ് വിട്ടയച്ചത്. ഇന്നും പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
നാഷണൽ ഹെറാൾഡും യങ് ഇന്ത്യയും, രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിലെത്തിയ കേസിന്റെ വഴിയെ...