National Herald case time line നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യാൻ രണ്ടാം ഘട്ടവും ഹാജരായിരിക്കുകയാണ് രാഹുൽ ഗാന്ധി. ഏറെ കാലമായി കേൾക്കുന്ന നാഷണൽ ഹെറാൾഡ് കേസ് എന്താണ്. എവിടെയാണ് കേസിന്റെ തുടക്കം. എവിടെ എത്തി നിൽക്കുന്നു തുടങ്ങിയവ പലർക്കും അറിയില്ല. കേസിന്റെ നാൾവഴിയിലൂടെ.

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ (National Herald case ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യാൻ രണ്ടാം ഘട്ടവും ഹാജരായിരിക്കുകയാണ് രാഹുൽ ഗാന്ധി. ഏറെ കാലമായി കേൾക്കുന്ന നാഷണൽ ഹെറാൾഡ് കേസ് എന്താണ്. എവിടെയാണ് കേസിന്റെ തുടക്കം. എവിടെ എത്തി നിൽക്കുന്നു തുടങ്ങിയവ പലർക്കും അറിയില്ല. കേസിന്റെ നാൾവഴിയിലൂടെ.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്‍റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഒരിക്കല്‍ തെളിവില്ലെന്ന് കണ്ട് ഇഡി ക്ലോസ് ചെയ്ത കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം മുന്പോട്ട് പോകട്ടെയെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്.

നാഷണല്‍ ഹെറാള്‍ഡ് കേസിന്‍റെ നാള്‍വഴികള്‍

  • 2008ല്‍ നാഷണല്‍ ഹെറാള്‍ഡ് അടച്ചുപൂട്ടുന്നു
  • 90 കോടി രൂപയുടെ ബാധ്യതയുമായി നാഷണല്‍ ഹെറാള്‍ഡ്
  • ബാധ്യത പരിഹരിക്കാന്‍ കോണ്‍ഗ്രസ് വായ്പ നല്‍കുന്നു
  • 90 കോടി തിരിച്ചടക്കാനാകാതെ എജെഎല്‍
  • 2010ല്‍ യംഗ് ഇന്ത്യ ലിമിറ്റഡ് രൂപീകരിക്കുന്നു
  • രാഹുലും സോണിയയും ഡയറക്ടര്‍മാര്‍
  • ഡയറക്ടര്‍ ബോര്‍ഡില്‍ മുതിര്‍ന്ന നേതാക്കളും
  • കോണ്‍ഗ്രസ് വായ്പ യംഗ് ഇന്ത്യയുടെ പേരിലേക്ക് മാറ്റുന്നു
  • യംഗ് ഇന്ത്യക്ക് പണം നല്‍കാനാകാതെ എജെഎല്‍
  • ഓഹരി ഏറ്റെടുക്കുന്നു, 50ലക്ഷം രൂപക്ക്
  • 2000 കോടിക്ക് മുകളിലുള്ള ആസ്തി യംഗ് ഇന്ത്യക്ക്
  • 2013ല്‍ പട്യാല കോടതിയെ സമീപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
  • 2014ല്‍ സോണിയയേും രാഹുലിനേയും വിളിച്ചുവരുത്തുന്നു
  • 2014ല്‍ ഇഡി അന്വേഷണവും തുടങ്ങുന്നു
  • 2015ല്‍ കേസന്വേഷണം അവസാനിപ്പിക്കുന്നു
  • പ്രധാനമന്ത്രിക്ക് കത്തെഴുതി സുബ്രഹ്മണ്യന്‍ സ്വാമി
  • കേസന്വേഷണം വീണ്ടും തുടങ്ങുന്നു
  • ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍
  • യംഗ് ഇന്ത്യക്ക് തുടരാമെന്ന് കോടതി
  • കീഴ്കോടതി നടപടികള്‍ തുടരട്ടെയെന്ന് കോടതി
  • മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, പവന്‍ ബന്‍സാലും മൊഴി നല്‍കി
  • ഒടുവില്‍ സോണിയക്കും രാഹുലിനും നോട്ടീസ്

ഹെറാൾഡ് അടച്ചുപൂട്ടുന്നതോടെ തുടങ്ങുന്നു വിവാദവും. ബാധ്യത തീര്‍ക്കാന്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണല്‍സ് ലിമിറ്റഡിന് കോണ്‍ഗ്രസ് 90 കോടി രൂപ നല്‍കുന്നു. ഈ തുക തിരിച്ചടക്കാന്‍ എജെഎല്ലിന് കഴിഞ്ഞില്ല. 2010ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറകട്ര്‍മാരായി യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നു. 

ഇഡി ഓഫീസ് മാർച്ചിൽ കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്ത് പൊലീസ്, കുഴഞ്ഞുവീണു

കോണ്‍ഗ്രസ് നല്‍കിയ വായ്പ പിന്നീട് യംഗ് ഇന്ത്യയുടെ പേരിലാക്കുന്നു. സ്വാഭാവികമായും എജെഎല്‍ യംഗ് ഇന്ത്യന് പണം നല്‍കണമെന്ന് വരുന്നു. പണം നല്‍കാന്‍ കഴിയാത്തതിനാല്‍ എജെഎല്ലിന്‍റെ ഓഹരികള്‍ 50 ലക്ഷം രൂപക്ക് യംഗ് ഇന്ത്യ വാങ്ങുകയും, രണ്ടായിരം കോടി രൂപയോളം വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടര്‍മാരായ കമ്പനിയുടെ പേരിലാകുകയും ചെയ്യുന്നു. ഈ ഇടപാട് ചോദ്യം ചെയ്ത് 2013ല്‍ സുബ്രഹ്മ്ണ്യന്‍ സ്വാമി ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചതോടെ നിയമയുദ്ധത്തിന് തുടക്കമാകുന്നു. 

2014ല്‍ സോണിയേയും രാഹുലിനയും കോടതി വിളിച്ചുവരുത്തി. പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇഡിയും അന്വേഷണം തുടങ്ങി. തെളിവില്ലെന്ന് കണ്ട് 2015ല്‍ അന്വേഷണം അവസാനിപ്പിച്ച രാജന്‍ കട്ടോച്ച് എന്ന ഉദ്യോഗസ്ഥനെ മാറ്റി സ്വാമിയുടെ പരാതിയില്‍ മോദി സര്‍ക്കാര്‍ കേസ് ഡയറി വീണ്ടും തുറക്കുന്നു. 2015ല്‍ ദില്ലി കോടതിയില്‍ നിന്ന് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യമെടുത്തു. 

പൊലീസ് വിലക്ക് ലംഘിച്ച് തെരുവിലൂടെ നടന്ന് രാഹുൽ ഇഡി ഓഫീസിലേക്ക്, തടഞ്ഞ് പൊലീസ്, നാടകീയം

സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കീഴ് കോടതി നടപടികള്‍ തുടരട്ടെയെന്നായിരുന്നു നിലപാട്. ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ യംഗ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് യംഗ് ഇന്ത്യ അനുകൂല വിധി നേടി. ഇതിനിടെ കേസില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങി കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി ഇഡി രേഖപ്പെടുത്തി. പിന്നാലെയാണ് സോണിയഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.