
ദില്ലി: ദില്ലിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ യുവതി മരിച്ചെന്ന് പ്രചാരണം. എന്നാൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ദില്ലി പൊലീസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാളും ഇതുവരെ മരിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് ഡിസിപി സച്ചിൻ ശർമ്മ വ്യക്തമാക്കി.
ജനങ്ങളിൽ ഭീതിയും ആശങ്കയും പടർത്താനാണ് ഇത്തരം പ്രചാരണമെന്ന് സച്ചിൻ ശർമ്മ കുറ്റപ്പെടുത്തി. ഭരണകൂടത്തിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ലക്ഷ്യമിടുന്നത്. ഇതൊരു വ്യാജപ്രചാരണം മാത്രമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുത്. വാർത്തകൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് പൊതുജനങ്ങളോടും പൊലീസ് അഭ്യർത്ഥിച്ചു.
അതിനിടെ ദില്ലിയിൽ നടക്കുന്ന സമരം ഇതിനോടകം മുംബൈ അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സിജെപി ആഹ്വാനം ചെയ്തു. പോലീസിന്റെ അതിക്രമങ്ങൾക്കും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന മർദനങ്ങൾക്കുമെതിരെ വെള്ളിഴാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സി.ജെ.പി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പോസ്റ്റർ പുറത്തുവിട്ടത്. ഇന്ത്യയിലുടനീളം പോലീസ് അതിക്രമങ്ങൾക്ക് ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളിൽ വച്ച് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ എല്ലാവരുടെയും മുന്നിൽ വെച്ച് ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കണമെന്നും സിജെപി ആവശ്യപ്പെടുന്നു. പ്രതിഷേധ പരിപാടികളുടെ അനുമതികൾ വാങ്ങുന്നതിനും മറ്റ് ക്രമീകരണങ്ങൾക്കുമായി വിവിധ വിദ്യാർത്ഥി യൂണിയനുകളും മറ്റ് സംഘടനകളും പരസ്പരം കൈകോർത്ത് പ്രവർത്തിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam