2010 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാൾ കേഡറിലാണ് ഏറ്റവും കൂടുതൽ പേർ രാജിവെച്ചത്. രാജി സമർപ്പണത്തിൻ്റെ നടപടിക്രമങ്ങളും ഷാ ഫൈസലിൻ്റെ കേസും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ദില്ലി: രാജ്യത്ത് 2010 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചെന്ന് കേന്ദ്ര സർക്കാരിൻ്റെ വെളിപ്പെടുത്തൽ. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഇന്ത്യ ടുഡേ' നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. പശ്ചിമ ബംഗാൾ കേഡറിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ രാജിവെച്ചത്.

കണക്കുകൾ പ്രകാരം 2010-ലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ജോലി ഉപേക്ഷിച്ചത്, ആറ് പേർ. തുടർന്നുള്ള വർഷങ്ങളിൽ ശരാശരി ഒന്നുമുതൽ നാലുവരെ ഉദ്യോഗസ്ഥർ രാജിവെച്ചു. 2018-ൽ നാലും 2024-ൽ മൂന്നും ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് രാജിവെച്ചു. സർവീസിൽ നിന്ന് രാജിവെച്ച ശേഷം പല ഉദ്യോഗസ്ഥരും രാഷ്ട്രീയം, സാമൂഹിക പ്രവർത്തനം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് ചേക്കേറിയത്.

രാജിക്കത്ത് സമർപ്പിച്ചതുകൊണ്ട് മാത്രം ഒരു ഉദ്യോഗസ്ഥന്റെ സർവീസ് അവസാനിക്കുന്നില്ല എന്ന കാര്യവും വിവരാവകാശ രേഖകൾ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട അതോറിറ്റി രാജി ഔദ്യോഗികമായി സ്വീകരിക്കുന്ന തീയതിയിൽ മാത്രമേ സർവീസ് അവസാനിക്കൂ. രാജി അംഗീകരിക്കുന്നത് വരെ ഉദ്യോഗസ്ഥന് സർവീസിൽ തുടരുകയോ, രാജിക്കത്ത് പിൻവലിക്കുകയോ ചെയ്യാം. എന്നാൽ, രാജിക്കത്ത് നൽകിയ ശേഷം അത് പിൻവലിച്ച ഉദ്യോഗസ്ഥരുടെ കണക്കുകൾ കേന്ദ്ര സർക്കാരിന്റെ പക്കലില്ല. 2010 ബാച്ച് യു.പി.എസ്.സി ടോപ്പറായ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ 2019 ജനുവരിയിൽ രാജിവെച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം രാജി പിൻവലിച്ചു. 2022 ൽ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തു. ഇദ്ദേഹത്തിൻ്റെ പേര് രാജിവെച്ച 32 പേരുടെ പട്ടികയിൽ ഇല്ല.