
ദില്ലി: വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസില്‍ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെയും സ്ഥാപനവുമായി സഹകരിക്കുന്നവരുടെയും ദില്ലിയിലെയും മുംബൈയിലെയും വസതികളില്‍ വ്യാപക റെയ്ഡ്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന ആക്ഷേപത്തിലാണ് വ്യാപക പരിശോധന. ന്യൂസ് ക്ലിക്ക് ജീവനക്കാരന്‍ താമസിക്കുന്നതിനാല്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നു. ഫണ്ട് എത്തിച്ച അമേരിക്കന്‍ വ്യവസായിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രകാശ് കാരാട്ടും അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്.
വീടുകളിലെ വ്യാപക റെയ്ഡിൽ ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. റെയ്ഡിന് വിധേയരായ മാധ്യമപ്രവര്‍ത്തകരില്‍ പലരും സമൂഹമാധ്യമങ്ങളിലുടെ വിവരം പങ്ക് വച്ചപ്പോഴാണ് ദില്ലി പോലീസ് പ്രത്യേക സെല്ലിന്‍റെ നടപടി പുറത്തറിയുന്നത്. വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ഥയുടെയും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെയും ദില്ലി, നോയിഡ തുടങ്ങിയ സ്ഥലങ്ങളിലെ വസതികളില്‍ പുലര്‍ച്ചെയാണ് റെയഡ് നടന്നത്.
രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ നേരം വരെ പരിശോധന തുടര്‍ന്നു. ഇതേ സമയം ന്യൂസ് ക്ലിക്കുമായി സകഹകരിക്കുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്‍റെ മുംബൈയിലെ വസതിയില്‍ പരിശോധന നടത്തുകയും ടീസ്തയെ ചോദ്യം ചെയ്യുകയും ചെയ്തു. എഴുത്തുകാരി ഗീതാ ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ദില്ലി സയന്‍സ് ഫോറം ബാരവാഹി ഡി രഘുനന്ദന്‍, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ സഞ്ജയ് രജൗര തുടങ്ങിവരുടെ വീടുകളിലും ദില്ലി പോലീസ് എത്തി. ദില്ലി കാനിംഗ് റോഡിലെ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും രണ്ട് മണിക്കൂര്‍ നേരം പരിശോധന നടന്നു. സിപിഎം ഓഫീസിലെ ജീവനക്കാരന്‍റെ മകനായ ന്യൂസ് ക്ലിക്ക് ജീവനക്കാരന്‍ താമസിക്കുന്നതിനാലാണ് പരിശോധന നടന്നത്. സീതാറാം യെച്ചൂരി ഇവിടെ താമസിക്കുന്നില്ല.
2018ല്‍ ന്യൂസ് ക്ലിക്കിനെതിരെ ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിന് അമേരിക്കന്‍ വ്യവസായി നെവില്‍റോയ് സിംഘം ഫണ്ടിംഗ് നടത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ കേസിന്‍റെ തുമ്പ് പിടിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ദില്ലി പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇതിനെതിരെ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് ദില്ലി കോടതിയെ സമീപിച്ച് തുടര്‍ നടപടികളില്‍ നിന്ന് പരിരക്ഷ നേടിയിരുന്നു.
എന്നാല്‍ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് കോടതിയെ ധരിപ്പിച്ചാണ് തുടര്‍ നടപടികളുമായി മുന്‍പോട്ട് നീങ്ങുന്നതെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. അമേരിക്കന്‍ വ്യവസായിയുമായി നിരന്തരം ഇമെയിലിലൂടെ പ്രകാശ് കാരാട്ട് ആശയവിനിമയം നടത്തിയെന്ന ഇഡി റിപ്പോര്‍ട്ട് ദില്ലി പോലീസ് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. ടീസ്ത സെതല്‍വാദ്, മാധ്യമപ്രവർത്തകൻ പരണ്‍ ജോയ് ഗുഹ, സിപിഎം ഐടി സെല്ലിലെ ബപാദിത്യ സിന്‍ഹ എന്നിവര്‍ ന്യൂസ് ക്ലിക്കില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന ഇഡിയുടെ കണ്ടെത്തലും ദില്ലി പോലീസ് സാമ്പത്തിക വിഭാഗത്തിന് മുന്നിലുണ്ട്.