വിജയ് ചൗക്കിൽ നാടകീയ രംഗങ്ങൾ, പ്രതിഷേധിച്ച രാഹുൽ ഗാന്ധി അറസ്റ്റിൽ, എംപിമാരെ വലിച്ചിഴച്ചു

By Web TeamFirst Published Jul 26, 2022, 12:33 PM IST
Highlights

വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു 

ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. പാര്‍ലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് എത്തി പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് എംപിമാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. ആദ്യഘട്ടത്തിൽ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് രാഹുൽ നിലത്തിരുന്ന് പ്രതിഷേധം തുട‍ര്‍ന്നതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. 

പ്രതിഷേധിച്ച കെ സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ,ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റ്റോ ആന്റണി, എംകെ രാഘവൻ,ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി എൻ പ്രതാപൻ തുടങ്ങിയവരെയും കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചിൻ പൈലറ്റ്, അജയ് മാക്കൻ, പവൻകുമാർ ബൻസാൽ എന്നിവരും പൊലീസിന്റെ കസ്റ്റഡിയിലാണ്. 

സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ: രാജ്ഘട്ടിൽ പ്രതിഷേധത്തിന് അനുമതിയില്ല, സത്യാഗ്രഹം എഐസിസിയിൽ

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയ‍‍ര്‍ത്തുന്നത്. രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവ‍‍ര്‍ത്തകരും വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ  ദില്ലി പൊലീസ് അനുമതി നൽകിയില്ല. തുട‍ര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

സോണിയ ഇഡി ഓഫീസിൽ, രാജ്യവ്യാപകമായി പ്രതിഷേധം, സംസ്ഥാനത്ത് ട്രെയിനുകൾ തടഞ്ഞ് യൂത്ത് കോൺഗ്രസ്

പാർലമെൻറിൻറെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം  എന്നാവശ്യപ്പെട്ട് പാർലമെൻറിൻറെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയിൽ നടപടികൾ തുടങ്ങിയപ്പോൾ തന്നെ എംപിമാർ പ്ളക്കാർഡുകളുമായി സഭയുടെ നടുത്തളത്തിലേക്ക് നീങ്ങി. ജിഎസ്ടി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ബഹളം കാരണം ലോക്സഭ രണ്ടു മണിവരെ നിറുത്തി വച്ചു. രാജ്യസഭിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. മുദ്രാവാക്യം മുഴക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുന്നറിയിപ്പ് ഉപാദ്ധ്യക്ഷൻ ഹരിവംശ് നല്കി. 

click me!