
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം സംഘർഷഭരിതമായി. ഐസയുടെയും പൌരാവകാശ കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പോലീസ് കൈയേറ്റം ചെയ്തെന്നും, മോശമായി പെരുമാറിയെന്നും പരാതി ഉയർന്നു.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ജന്തർ മന്തറിൽ പ്രതിഷേധക്കാരെ കയറ്റില്ലെന്ന നിലപാട് തുടരുകയാണ് ദില്ലി പോലീസ്. കനത്ത സുരക്ഷാ വിന്യാസം ജന്തർമന്തർ പരിസരത്ത് തുടരുകയാണ്. ഉച്ചയോടെയാണ് സിപിഐഎംഎല്ലിന്റെ വിദ്യാർത്ഥി സംഘടനയായ ഐസ പ്രതിഷേധവുമായി എത്തിയത്. നേഹ ബോറയുടെ നേതൃത്ത്വത്തിൽ എത്തിയ വിദ്യാർത്ഥികൾക്കൊപ്പം കപിൽ സിബൽ, യോഗേന്ദ്ര യാദവ് അടക്കമുള്ള പൗരാവകാശ പ്രവർത്തകരും എത്തി. എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പലരെയും റോഡിൽ വലിച്ചിഴച്ചു. വനിതാ പ്രവർത്തകരെ പുരുഷ പോലീസാണ് വലിച്ചിഴച്ച് കൊണ്ടുപോയത്. പോലീസ് മോശമായി പെരുമാറിയെന്നും സമരക്കാർ പരാതിപ്പെട്ടു
നേഹ ബോറയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ബസിൽവച്ചും പോലീസ് മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് ചൊവ്വാഴ്ചയാണ്. സിജെപിയുടെ നേതൃത്വത്തിൽ പത്താം തിയതി ദില്ലിയിൽ സമരം തുടങ്ങുമെന്നാണ് പ്രഖ്യാപനം. വരും ദിവസങ്ങളിലും രാജ്യതലസ്ഥാനത്ത് സമരചൂട് കൂടുതല്‍ കനക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam