
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ ക്രൂരമായ മർദനമെന്ന് പരാതി. നടുറോഡിൽ വെച്ച് പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറാനും ആക്രമിക്കാനും ശ്രമിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തടയാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന ആൺകുട്ടിക്കും ക്രൂരമായി മർദനമേറ്റു. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും ക്യാമറമാൻമാരെയും അക്രമികൾ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
അക്രമത്തിന് പിന്നിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് ഔദ്യോഗികമായി ആരോപിച്ചു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് പാർട്ടി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് ദില്ലി പോലീസ് അനങ്ങാതിരിക്കുകയും കേവലം കാഴ്ചക്കാരായി നിൽക്കുകയും ചെയ്തതായി പ്രതിഷേധക്കാരും പ്രതിപക്ഷ പാർട്ടികളും കടുത്ത വിമർശനം ഉന്നയിച്ചു.
ദില്ലിയിൽ വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ നഗരത്തിലെ മെട്രോ സർവീസുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി, യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam