നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Dec 12, 2019, 1:13 PM IST
Highlights

സമയമാകുമ്പോള്‍ എല്ലാം സജ്ജമാകണം എന്നാണ് ജയില്‍ അധികൃതര്‍ പ്രതികരിക്കുന്നത്. തീഹാര്‍ ജയിലില്‍ പഴയ തൂക്കുകയര്‍ നിലവിലുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും അവസരം നല്‍കാന്‍ ഇട നല്‍കരുതെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്

ദില്ലി: നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. തൂക്കിലേറ്റാനുള്ള കയറും ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും വ്യക്തമാക്കുന്നത് തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പാണെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൂക്കിലേറ്റാനുള്ള ഉപകരണങ്ങളുടേയും സ്ഥലത്തിന്‍റേയും പരിശോധനകള്‍ നടന്നുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ബക്സര്‍ ജയിലില്‍ നിന്നു പുതിയ തൂക്കുകയറിന് കൊണ്ടുവരുന്നത്. ബക്സര്‍ ജയിലിലെ തടവുകാര്‍ തന്നെയാണ് തൂക്ക് കയര്‍ നിര്‍മ്മിക്കുന്നത്. സമയമാകുമ്പോള്‍ എല്ലാം സജ്ജമാകണം എന്നാണ് ജയില്‍ അധികൃതര്‍ പ്രതികരിക്കുന്നത്. തീഹാര്‍ ജയിലില്‍ പഴയ തൂക്കുകയര്‍ നിലവിലുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും അവസരം നല്‍കാന്‍ ഇട നല്‍കരുതെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. 

പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെയാണ് നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്. 
കേസിൽ കുറ്റക്കാരാനായ വിനയ് ശര്‍മ്മയുടെ  ദയാഹര്‍ജി പിൻവലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാർ ജയിലിലേക്ക് കൊണ്ടു വന്നിരുന്നു. ദില്ലിയിലെ മാൺഡൂലി ജയിലിലായിരുന്നു നേരത്തെ ഇയാളെ പാർപ്പിച്ചിരുന്നത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന റാം സിങ്ങിന്‍റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു. 

2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലി നഗരത്തിലെ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും ചെയ്തത്. ബലാത്സംഗത്തിന് ശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയായിരുന്നു. ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും നിര്‍ഭയ ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. .

click me!