ലോക്ക് ഡൗണില്‍ കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് പുറപ്പെടും

By Web TeamFirst Published May 13, 2020, 7:12 AM IST
Highlights

ന്യൂ ദില്ലി റെയിൽവെ സ്റ്റേഷനിൽ നിന്ന് രാവിലെ 11.25നാണ് ട്രെയിൻ പുറപ്പെടുക. വെള്ളിയാഴ്ച രാവിലെ 5.25ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. 

ദില്ലി: ലോക്ക് ഡൗണ്‍ കാലയളവില്‍ കേരളത്തിലേക്കുള്ള ആദ്യ യാത്രാ ട്രെയിൻ ഇന്ന് ദില്ലിയിൽ നിന്ന് പുറപ്പെടും. ന്യൂ ദില്ലി റെയിൽവെ സ്റ്റേഷനിൽ നിന്ന് രാവിലെ 11.25നാണ് ട്രെയിൻ പുറപ്പെടുക. വെള്ളിയാഴ്ച രാവിലെ 5.25ന് ട്രെയിൻ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് കേരളത്തിൽ കോഴിക്കോടും എറണാകുളത്തും മാത്രമാകും സ്റ്റോപ്പ്. വെള്ളിയാഴ്ച വൈകിട്ട് 7.45ന് ഈ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് ദില്ലിക്ക് തിരിക്കും. 

ആഴ്ചയിൽ മൂന്ന് ദിവസമാകും കേരളത്തിലേക്കുള്ള സര്‍വ്വീസ്. ദില്ലിയിൽ നിന്ന് ചെന്നൈയിലേക്കും അഹമ്മദാബാദിലേക്കും ഇന്ന് ട്രെയിനുകൾ ഓടും. ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയാണ് യാത്ര ട്രെയിൻ സര്‍വ്വീസുകൾ തുടങ്ങിയിരിക്കുന്നത്. 

അമ്പത് ദിവസത്തെ ലോക്ക് ഡൗണിനൊടുവില്‍ രാജ്യത്ത് ഇന്നലെയാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചത്. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ 1490 യാത്രക്കാരുമായി പുറപ്പെട്ടു. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് രണ്ട് ട്രെയിനുകള്‍ കൂടി ഇന്നലെയുണ്ടായിരുന്നു.  

ടിക്കറ്റ് ലഭിച്ചവരെ മാത്രമാണ് റെയിൽവെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കുക. രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമെ യാത്രക്ക് അനുവദിക്കൂ. ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് അവിടുത്തെ ആരോഗ്യ പ്രോട്ടോക്കോൾ എല്ലാവരും അനുസരിക്കണം. എസി ട്രെയിനുകളായതിനാൽ ഉയര്‍ന്ന നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. സാധാരണ എസി ടിക്കറ്റുകൾക്ക് നൽകിയിരുന്നതിനെക്കാൾ കൂടുതൽ നിരക്ക് നൽകേണ്ടിവന്നു എന്ന പരാതികളും ഉണ്ട്. 

ലണ്ടനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു, ബ്രിട്ടനിൽ മരിച്ച മലയാളികൾ 13

കൊവിഡിനെ പൂട്ടാന്‍ കൂടുതല്‍ മാർഗങ്ങൾ തേടി ലോകാരോഗ്യ സംഘടന; ലോകത്ത് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു

click me!