'കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ല'; മാർക്ക് ജിഹാദ് വാദം തള്ളി ദില്ലി സർവ്വകലാശാല

Web Desk   | Asianet News
Published : Oct 08, 2021, 10:01 AM ISTUpdated : Oct 08, 2021, 01:41 PM IST
'കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ല'; മാർക്ക് ജിഹാദ് വാദം തള്ളി ദില്ലി സർവ്വകലാശാല

Synopsis

ബിരുദ പ്രവേശനത്തിൽ കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കിയെന്ന് ഡിയു രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.

ദില്ലി: മാർക്ക് ജിഹാദ് വാദം (Mark Jihad) തള്ളി ദില്ലി സർവ്വകലാശാലയുടെ (Delhi University)  പ്രതികരണം. ബിരുദ പ്രവേശനത്തിൽ കേരളത്തിലെ കുട്ടികൾക്ക് കൂടുതൽ പരിഗണന ഇല്ലെന്ന് സർവ്വകലാശാല വ്യക്തമാക്കി. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കിയെന്ന് ഡിയു രജിസ്ട്രാർ വികാസ് ഗുപ്ത (Vikas Gupta) പറഞ്ഞു.

ദില്ലി സർവകലാശാലയിൽ പ്രവേശനം നേടിയവരിൽ 2365 വിദ്യാർത്ഥികൾ  മാത്രം ആണ് കേരള ബോർഡ് പരീക്ഷ എഴുതിയവർ. അതേ സമയം സിബിഎസ്ഇ പരീക്ഷ എഴുതിയ 31000 പേർക്ക് പ്രവേശനം ലഭിച്ചു എന്നും രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്ന, ദില്ലി സർവ്വകലാശാല അധ്യാപകന്റെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പ്രത്യേക ഫണ്ട് കിട്ടുന്നു എന്നും അധ്യാപകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.  തുടർന്ന് സംഭവം വലിയ ചർച്ചയായി. 

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദില്ലി സർവകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു,രാംജാസ്,മിറാണ്ട,എസ്ആർസിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയിൽ ഇടംനേടിയതിൽ കൂടുതലും മലയാളി വിദ്യാർത്ഥികളായിരുന്നു.  ഇതിന് പിന്നാലെ ആണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിൽ പ്രവേശനം കിട്ടുന്നതിന് പിന്നിൽ മാർക്ക് ജിഹാദ് ആണെന്ന് അധ്യാപകൻ ആരോപിച്ചത്. കിരോഡി മാൽ കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രഫസർ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസ് ബന്ധമുള്ള അദ്ധ്യപകസംഘടനയുടെ മുൻ പ്രസിഡൻറാണ് പാണ്ഡെ. ദില്ലിയിൽ വന്നു പഠിക്കാനായി കേരളത്തിലുള്ളവർക്ക് പ്രത്യേക ഫണ്ട് കിട്ടുന്നുണ്ട് എന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.

പ്രസ്താവന അതിര് കടന്നുവെന്ന് ശശി തരൂരും തീവ്രവാദ സ്വാഭാവമുള്ളതെന്ന് എസ്എഫ്ഐയും പ്രതികരിച്ചു. നൂറ് ശതമാനം മാർക്കോടെ പ്രവേശനം നേടിയ വിദ്യാർത്ഥികളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻറ് വിപിസാനു പറഞ്ഞു. 
അധ്യാപകൻറെ ജിഹാദ് പരാമർശം അതിരു കടന്നുവെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ദില്ലി സർവകലാശാലയിലെ മാർക്ക് അടിസ്ഥാനത്തിലുള്ള പ്രവേശനത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേരള വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.കേരളത്തിൽ നിന്നും ദില്ലിയിലെത്തി ബിരുദവും ബിരുദാനന്തര ബിരുദവും, ഡോക്ട്രേറ്റും നേടിയവർ ശോഭിച്ചുകൊണ്ടിരിക്കെ ആണ് അധ്യാപകൻറെ വിവാദ പ്രസ്താവന വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അധ്യാപകന്റെ വാദം തള്ളി സർവ്വകലാശാല തന്നെ രം​ഗത്തു വന്നത്. 
 

Read Also: 'മാർക്ക് ജിഹാദ്' പരാമർശം മലയാളി വിദ്യാർഥികളുടെ പ്രവേശനം തടയുന്നതിനുള്ള സംഘടിത നീക്കമെന്ന് മന്ത്രി

PREV
click me!

Recommended Stories

ടോൾ പിരിച്ച മുഴുവൻ തുകയും തിരികെ നൽകണം, ഇനി ടോൾ പിരിക്കാൻ പാടില്ല; ഇ വി ഉടമകൾക്ക് സന്തോഷ വാർത്ത, മഹാരാഷ്ട്രയിൽ നിർദേശം
മഹാരാഷ്ട്രയില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലി, 7 പേരെ ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് 10 മണിക്കൂര്‍, ഒടുവില്‍ പിടികൂടി